പാലയൂർ പള്ളിയിലെ ക്രിസ്മ‌സ് ആഘോഷങ്ങൾ മുടക്കി പൊലീസ് ഗുണ്ടായിസം; ഇടപെട്ട് സുരേഷ് ഗോപി

പാലയൂരിൽ ക്രിസ്‌തുമസ് ആഘോഷ പരിപാടികൾ തടഞ്ഞ് പൊലീസ്. പാലയൂർ ദേവാലയത്തിൻ്റെ പരിസരത്ത് നടത്താൻ ഉദ്ദേശിച്ചിരുന്ന കലാപരിപാടികളാണ് പൊലീസ് തടഞ്ഞത്.പള്ളിക്കകത്ത് പരിപാടി നടത്താൻ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞായിരുന്നു നടപടി. കരോൾ ഗാനാലാപനവും ഇതിന്റെ സമ്മാന വിതരണവും ആണ് നടത്താൻ ഉദ്ദേശിച്ചിരുന്നത്.ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതിയില്ലെന്ന് അറിയിച്ച ചാവക്കാട് എസ്ഐ കരോൾ ഗാനം പാടാൻ അനുവദിച്ചില്ല. പള്ളിമുറ്റത്തെ വേദിയിലൊരുക്കിയിരുന്ന അലങ്കാരങ്ങളും നക്ഷത്രങ്ങളും നശിപ്പിക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായും ട്രസ്റ്റി അംഗങ്ങൾ ആരോപിക്കുന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് എത്തിയ ദേവാലയത്തിൽ ആണ് സംഭവം തുടർന്ന് കമ്മിറ്റി അംഗങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രി എസ്ഐയോട് ഫോണിൽ സംസാരിക്കാൻ ശ്രമിച്ചിട്ടും ഇയാൾ തയ്യാറായില്ലെന്ന് വിശ്വാസികൾ പറയുന്നു. സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും പരിപാടികൾ നടത്താൻ അനുമതി നൽകില്ലെന്ന തീരുമാനത്തിൽ പൊലീസ് ഉറച്ചുനിന്നു. ഇതാദ്യമായാണ് ആഘോഷ പരിപാടികൾ മുടങ്ങുന്നതെന്നും സംഭവത്തിൽ പരാതി നൽകുമെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *