വത്തിക്കാൻ തോട്ടില്‍ നടക്കുന്ന ‘വത്തിക്കാൻ കാർണിവലിന്’ തുടക്കം. ക്രിസ്മസിനോടനുബന്ധിച്ചു കൈരളി ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നാലുനാള്‍ നീളുന്ന ആഘോഷ പരിപാടികള്‍ നടത്തുന്നത്.
വത്തിക്കാൻ തോടിൻ്റെ സ്വാഭാവിക പ്രകൃതി ഭംഗിയെ ക്രിസ്‌മസിനോട് കൂട്ടിയിണക്കിയാണ് കാർണിവല്‍. തോടിന്റെ മധ്യത്തിലായി പ്രത്യേക പ്രതലത്തില്‍ അഞ്ച് അടി ഉയരവും പത്തടി വീതിയിലും പുല്‍ക്കൂട് ഒരുക്കിയിട്ടുണ്ട്. മുളത്തടികളും ഈന്തിന്റെ ഓലകൊണ്ടുമാണു നിർമാണം. 21 അടി ഉയരത്തില്‍ നിർമിച്ചിരിക്കുന്ന ക്രിസ്മസ് നക്ഷത്രവും 15 അടി ഉയരമുള്ള സാന്താക്ലോസും കാർണിവലിൻ് പ്രധാന ആകർഷണങ്ങളാണ്. കൂടാതെ ട്രെയിനിലും, കലമാനെ പൂട്ടിയ തേരിലും സഞ്ചരിക്കുന്ന സാന്താക്ലോസ് മാതൃകകളടക്കും കാർണിവലില്‍ കാഴ്ചകളേറെ. തോട്ടില്‍ അരയന്നങ്ങളുടെ മാതൃകയും സ്ഥാപിച്ചിട്ടുണ്ട്. തോടിന്റെ ഇരു കരയിലും ദീപാലങ്കാരങ്ങള്‍ തെളിഞ്ഞതോടെ കാർണിവല്‍ വിസ്‌മയ കാഴ്ച്‌ചയായി മാറി.
26 വരെ വൈകിട്ട് 6 മുതല്‍ രാത്രി പത്തു വരെയാണു ക്രിസ്‌മസ് കാഴ്‌ചകള്‍ കാണാൻ കഴിയുക. ബജ്‌ജി, പോപ്കോണ്‍, ഐസ്ക്രീം തുടങ്ങിയവ ആസ്വദിച്ചു ക്രിസ്മസ് കാഴ്‌ചകള്‍ കാണാനും അവസരമുണ്ട്. ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ അൻപതോളം ആളുകള്‍ ചേർന്നു ഒരാഴ്ചയ്ക്കുള്ളിലാണ് കാർണിവലിനുള്ള നിർമിതികള്‍ നടത്തിയിരിക്കുന്നത്. ദിവസവും രണ്ടായിരത്തോളം ആളുകളെ കാർണിവലിന് സംഘാടകർ പ്രതീക്ഷിക്കുന്നു.