ജനബിയ ഹൈവേ വിപുലീകരണ പദ്ധതിയുടെ പൂർത്തീകരണം വർക്സ് മന്ത്രി ഇബ്രാഹിം അല്‍ ഹവാജ് പ്രഖ്യാപിച്ചു. സല്‍മാൻ സിറ്റിയിലേക്കും ചുറ്റുമുള്ള റോഡ് ശൃംഖലയിലേക്കും പ്രവേശനം വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമാണിത്.
ഏകദേശം നാല് കിലോമീറ്ററിലധികം ഭാഗത്ത് ഇരുവശങ്ങളിലേക്കും റോഡ് മൂന്നുവരിയായി വികസിപ്പിച്ചിട്ടുണ്ട്.
ജങ്ഷനുകള്‍ നവീകരിക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു. സർവിസ് റോഡുകള്‍, പാർക്കിങ് സ്ഥലങ്ങള്‍, സുരക്ഷ തടസ്സങ്ങള്‍, ട്രാഫിക് സുരക്ഷ നടപടികള്‍ നടപ്പിലാക്കല്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സല്‍മാൻ സിറ്റി, ബുദയ്യ, ജനാബിയ നിവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് നവീകരണം.
റോഡില്‍ ഇപ്പോള്‍ മണിക്കൂറില്‍ 10,500 വാഹനങ്ങള്‍ വരെ ഉള്‍ക്കൊള്ളാൻ കഴിയുമെന്ന് മന്ത്രി ഇബ്രാഹിം അല്‍ ഹവാജ് ചൂണ്ടിക്കാട്ടി. മുമ്ബ് മണിക്കൂറില്‍ 6700 വാഹനങ്ങളെ മാത്രമേ ഉള്‍ക്കൊള്ളാനാകുമായിരുന്നുള്ളൂ. റോഡിലെ പ്രതിദിന ട്രാഫിക് 54,600 വാഹനങ്ങള്‍ വരെ എത്തിയിട്ടുണ്ട്. വാർഷിക വളർച്ച നിരക്ക് മൂന്നു ശതമാനമാണ്. 1,20,20,957 ദീനാറിന്റെ പദ്ധതിയാണിത്.