ഇന്ത്യയ്ക്ക് കത്തയച്ച്‌ ബംഗ്ലാദേശ് — ഹസീനയെ വിട്ടുകിട്ടണം

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്.

നാട്ടിലെത്തിയ ശേഷം ഹസീനയ്ക്ക് ജുഡീഷ്യല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മേധാവി തൗഹീദ് ഹുസൈൻ പറഞ്ഞു.

ഇന്ത്യയ്ക്ക് ഇതു സംബന്ധിച്ച കത്ത് നയതന്ത്ര പ്രതിനിധി തലത്തില്‍ കൈമാറിയെന്നും ഹുസൈൻ അറിയിച്ചു. ഇന്ത്യ പ്രതികരിച്ചിട്ടില്ല. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയില്‍ അഭയം തേടിയത്. ഹസീന എവിടെയാണെന്ന് അടക്കമുള്ള വിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.

പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 800ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഹസീനയുടെ പതനത്തിന് പിന്നാലെ സമാധാന നോബല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ ബംഗ്ലാദേശില്‍ അധികാരത്തിലെത്തി.

 കുരുക്കൊരുക്കി ബംഗ്ലാദേശ്

1.ഹസീന ബംഗ്ലാദേശിലെത്തിയാല്‍ അവർക്കെതിരെ വിചാരണ തുടങ്ങും

2. സംവരണ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൂട്ടക്കൊല അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി

3. കൊലക്കുറ്റം അടക്കം ഇരുന്നൂറിലേറെ കേസുകള്‍

4. ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രൈബ്യൂണല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്

5. കഴിഞ്ഞ 15 വർഷത്തിനിടെ ഹസീന ചെയ്തെന്ന് പറയുന്ന എല്ലാ കുറ്റങ്ങള്‍ക്കും നടപടിയുണ്ടാകുമെന്ന് മുഹമ്മദ് യൂനുസ്

 വെല്ലുവിളികള്‍

 അടുത്തിടെ റദ്ദാക്കപ്പെട്ട നയതന്ത്ര പാസ്പോർട്ട് അല്ലാതെ മറ്റൊരു പാസ്പോർട്ട് ഹസീനയുടെ പക്കലില്ലെന്ന് റിപ്പോർട്ട്

 ഇന്ത്യൻ വിസാ നയപ്രകാരം നയതന്ത്ര, ഔദ്യോഗിക പാസ്‌പോർട്ടുള്ള ബംഗ്ലാദേശി പൗരന്മാർക്ക് വിസാ രഹിത എൻട്രിക്ക് യോഗ്യത. 45 ദിവസം വരെ ഇന്ത്യയില്‍ തങ്ങാം

 ഹസീന നാലര മാസമായി ഇന്ത്യയില്‍

 നയതന്ത്ര പാസ്പോർട്ടും ബന്ധപ്പെട്ട വിസാ ആനുകൂല്യങ്ങളും ഇല്ലാതാകുന്നത് ബംഗ്ലാദേശിന് കൈമാറാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും

 ഹസീനയുടെ നാടുകടത്തല്‍ 2013ല്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കൈമാറല്‍ ഉടമ്ബടിയുടെ നിയമപരമായ ചട്ടക്കൂടിന് കീഴിലെന്ന് ബംഗ്ലാദേശ് വാദം

 രാഷ്ട്രീയപരമായ ആരോപണങ്ങള്‍ മുൻനിറുത്തി കൈമാറല്‍ നിരസിക്കാൻ ഉടമ്ബടി അനുവദിക്കുന്നു. എന്നാല്‍, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളെ രാഷ്ട്രീയമായി പരിഗണിക്കാനാകില്ല

Leave a Reply

Your email address will not be published. Required fields are marked *