എന്‍സിസി ക്യാമ്ബില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് കൊച്ചി കാക്കനാട് തൃക്കാക്കര കെ.എം.എം കോളേജിലെ എന്‍സിസി ക്യാംപ് പിരിച്ച് വിട്ടു.
72 ലധികം വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഈ മാസം 20നാണ് ക്യാമ്ബ് തുടങ്ങിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്ബില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം കൂടുതല്‍ പേര്‍ക്ക് അസ്വസ്ഥത തോന്നുകയായിരുന്നെന്നാണ് കുട്ടികള്‍ പറയുന്നത്. കൂടുതല്‍ പേര്‍ക്കും കഠിനമായ വയറുവേദനയാണ്. ചിലര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
വൈകിട്ടോടെ ഒട്ടേറെ പേര്‍ ക്ഷീണിതരായി തളര്‍ന്നുവീണു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ വിവരം അറിഞ്ഞ് രക്ഷിതാക്കള്‍ ക്യമ്ബില്‍ എത്തുകയും പ്രതിഷേധം ഉണ്ടാക്കുകയും ചെയ്തു. ക്യാമ്ബിലെ വെള്ളവും ഭക്ഷണവും മോശമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്.
രണ്ട് ദിവസം മുതലേ പല കുട്ടികള്‍ക്കും ശരിരിക ബുദ്ധിമുട്ടുകള്‍ അനുഭവപെട്ടിരുന്നതായി വിവരമുണ്ട്. ക്യാമ്ബില്‍ കൊടുത്ത ഭക്ഷണം നിലവാരം ഇല്ലാത്തതാണ് എന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. അതേസമയം കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്ബ് അവസാനിപ്പിക്കാന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ എത്തി കുട്ടികളെ വീട്ടിലേക്ക് കൊണ്ടു പോയി.