ഷാള്‍ കഴുത്തില്‍ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
വെസ്റ്റ് കൈതപ്പായില് കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരണപ്പെട്ടത്.
എടയാറില്‍ ശനിയാഴ്ചയുണ്ടായ അപകടത്തിലും കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു. വ്യവസായ മേഖലയ്ക്ക് സമീപം റോഡരികില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. എടയാർ സീമക് എക്യുപ്മെന്റ്സ് ജീവനക്കാരൻ കോഴിക്കോട് ബേപ്പൂർ തോണിച്ചിറ പുന്നാശേരി വീട്ടില്‍ സതീശന്റെ മകൻ ആദർശ് (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്ബതരയോടെ മുപ്പത്തടം മുതുകാട് ക്ഷേത്രത്തിന് സമീപത്തെ വളവ് കഴിഞ്ഞുള്ള ഭാഗത്ത് സൈഡില്‍ നിറുത്തിയിരുന്ന തൃശൂർ സ്വദേശിയുടെ അരി ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അഖില്‍ അജിക്കും പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ ആസ്റ്റർ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും ആദർശ് ഞായറാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഐസ്ക്രീം ഉണ്ടാക്കുന്ന യന്ത്രങ്ങള്‍ നിർമ്മിക്കുന്ന എടയാർ സീമക് എക്യുപ്മെന്റ്സില്‍ രണ്ടര വർഷത്തോളമായി സാങ്കേതിക വിഭാഗം ജീവനക്കാരനാണ് ആദർശ്.
വടകര വെള്ളികുളങ്ങരയില്‍ കാട്ടുപന്നി കുറകെ ചാടി ബൈക്ക് യാത്രികന് പരിക്കേറ്റു. ഒഞ്ചിയം പതിയോട്ടുംകണ്ടി നിർഷാദ് (35) ആണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ വടകര ആശ ആശുപത്രിയിലെ കാന്റീനില്‍ നിന്നും തൊഴില്‍ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം. ബൈക്കില്‍ നിന്നും വീണ നിർഷാദിനെ രണ്ടു തോളെല്ലുകളും പൊട്ടിയതിനെ തുടർന്ന് സർജറിക്ക് വിധേയനാക്കി.