ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കനത്ത മഞ്ഞുവീഴ്ച്ചയില്‍ വിനോദ സഞ്ചാരികളുമായി എത്തിയ വാഹനങ്ങള്‍ മഞ്ഞില്‍ മുന്നോട്ട് നീങ്ങാനാവാതെ കുടുങ്ങി.
ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 1,000 ഓളം വാഹനങ്ങള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. തുടര്‍ന്ന് മണിക്കൂറുകളോളം വിനോദസഞ്ചാരികള്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുകയും ചെയ്തു.
റോത്തഗിലെ അടല്‍ ടണലിനും സോളങ്കിനും ഇടയിലുള്ള പ്രദേശത്താണ് തിങ്കളാഴ്ച ശക്തമായ മഞ്ഞുവീഴ്ചയുണ്ടായത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വാഹനങ്ങള്‍ക്ക് നീങ്ങാന്‍ കഴിയാതെ വന്നതോടെ ഒടുവില്‍ അധികൃതരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 700 ഓളം വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാരെയും ഡ്രൈവര്‍മാരെയും സഞ്ചാരികളെയും അവരുടെ വാഹനങ്ങളുമായി മുന്നോട്ട് നീങ്ങാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ സഹായിക്കുന്ന ദൃശ്യങ്ങളും പലരും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക അധികൃതരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി രംഗത്തുണ്ട്.
ക്രിസ്മസ് – പുതുവത്സര സീസണായതോടെ വലിയ തോതില്‍ സഞ്ചാരികള്‍ പ്രവഹിക്കുന്നത് കാരണം മണാലിയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രണ്ടാഴ്ചയിലെ ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ എട്ടാം തീയതിയാണ് മഞ്ഞുവീഴ്ച തുടങ്ങിയത്.