മിക്ക ആളുകള്‍ക്കും രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കട്ടന്‍കാപ്പി കുടിക്കുന്ന ശീലമുണ്ട്.അതിലൂടെ കിട്ടുന്ന ഊര്‍ജവും ഉന്മേഷവുമൊന്നും പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.
എന്നാല്‍ അതിനേക്കാള്‍ ചില ഗുണങ്ങള്‍ നമ്മുടെ കട്ടന്‍കാപ്പിക്കുണ്ട്. അത് എന്താണെന്നോ? ടൈപ്പ് -2 ഡയബറ്റീസ്, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ശരീരഭാര നിയന്ത്രണത്തിനുമൊക്കെ കാപ്പിക്ക് നിങ്ങളെ സഹായിക്കാനാകുമെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്.
വ്യായാമം ചെയ്യുന്നതിന് മുമ്ബായി കട്ടന്‍കാപ്പിയില്‍ അല്‍പം ഉപ്പുചേര്‍ത്ത് കഴിക്കുന്നതും നല്ലതാണെന്ന് ചില ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന്റെ ഉത്തേജകശേഷിയും ഉപ്പിലെ സോഡിയത്തിന്റെ ഗുണങ്ങളും ഉന്മേഷത്തോടെ വ്യായാമം ചെയ്യാന്‍ നിങ്ങളെ സഹായിക്കും. കഫീന്‍ ശരീരത്തിലെ ഊര്‍ജനില ഉയര്‍ത്തുകയും മാനസിക ഉണര്‍വ് നല്‍കുകയും ചെയ്യും. നല്ല രീതിയില്‍ വ്യായാമം പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും.
കാപ്പിയുടെ കയ്പ്പുരുചിക്ക് അല്‍പം വ്യത്യാസം വരുത്താൻ മാത്രമല്ല, ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്താനും ഉപ്പ് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ശരീരത്തിലെത്തുന്ന കഫീന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകാന്‍ വ്യായാമം ചെയ്യുന്നതിന് 45-60 മിനിറ്റ് മുന്‍പ് കാപ്പി കുടിക്കുന്നതാണ് നല്ലത്.
തീര്‍ന്നിട്ടില്ല കട്ടന്‍കാപ്പിയുടെ മാഹാത്മ്യം. ദിവസവും മൂന്ന് കപ്പ് കട്ടന്‍കാപ്പി കുടിക്കുന്നത് കാര്‍ഡിയോ മെറ്റബോളിക് മള്‍ട്ടി മോര്‍ബിഡിറ്റിയെ തടയാന്‍ സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. യു.കെ. ബയോബാങ്കില്‍നിന്നുള്ള ഡേറ്റ വിശകലനം ചെയ്ത് ചൈനയിലെ സൂചു
സര്‍വകലാശാലയിലെ സൂചോ മെഡിക്കല്‍ കോളേജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ദിവസവും മൂന്ന് കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ 200-300 മില്ലി ഗ്രാം കഫീന്‍ ശരീരത്തില്‍ എത്തുന്നവര്‍ക്ക് 100 മില്ലി ഗ്രാമില്‍താഴെ കഫീന്‍ ഉള്ളില്‍ച്ചെല്ലുന്നവരെക്കാള്‍ കാര്‍ഡിയോ മെറ്റബോളിക് കോമോര്‍ബിഡിറ്റിക്കുള്ള സാധ്യത കുറവാണെന്ന് പഠനം പറയുന്നു.