ഈ ജോലികള്‍ ചെയ്യുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത കുറവ്; പഠനവുമായി ഗവേഷകര്‍

മറവിയുടെ ആഴങ്ങളിലേക്ക് മനുഷ്യനെ തള്ളി വിടുന്ന അല്‍ഷിമേഴ്‌സ് രോഗം എല്ലാവരുടെയും ഒരു പേടി സ്വപ്നമാണ്. അല്‍ഷിമേഴ്‌സ് രോഗത്തെ സംബന്ധിച്ചു കാലങ്ങളായി ഗവേഷകർ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

തുടക്കത്തിലേ രോഗ നിർണയവും ചികിത്സായും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിരവധി കണ്ടെത്തലുകള്‍ പുറത്തു വന്നിരുന്നു. അല്‍ഷിമേഴ്‌സിനെക്കുറിചുള്ള പുതിയ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കയിലെ ഒരുകൂട്ടം ഗവേഷകര്‍.

ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവർക്ക് രോഗ സാധ്യത കുറവായിരിക്കുമെന്നാണ് ഇവർ വിലയിരുത്തുന്നത്. ഇതില്‍ ഒന്നാമത്തേത് ഡ്രൈവിംഗ് ജോലികള്‍ ചെയ്യുന്നവരാണ്. ടാക്‌സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ രോഗം ബാധിച്ച്‌ മരണപ്പെടാനുള്ള സാധ്യത മറ്റു ജോലികള്‍ ചെയ്യുന്നവരെ അപേക്ഷിച്ച്‌ കുറവാണെന്നാണ് പഠനം പറയുന്നത്. രണ്ടു വർഷത്തെ പഠന റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 2020 മുതല്‍ 2022 വരെ മരണപ്പെട്ട 90 ലക്ഷം പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. വിവിധ മേഖലകളിലായി 443 ജോലികള്‍ ചെയ്തിരുന്നവരായിരുന്നു ഇവർ. ഇതില്‍ 3.88% പേർ മരിച്ചത് അല്‍ഷിമേഴ്‌സ് വന്നാണ്. എന്നാല്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ 1.03% പേരും ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ 0.74% പേരും മാത്രമാണ് രോഗം ബാധിച്ചു മരണപ്പെട്ടത്.

നാവിഗേഷനുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനാല്‍ ഇവരില്‍ മരണ നിരക്ക് കുറയുന്നുവെന്നും ഗവേഷകർ വിലയിരുത്തുന്നു. ഇതുപോലുള്ള ജോലികള്‍ തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്തെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്നു കണ്ടെത്തി. എന്നാല്‍, ഇത്തരം ജോലികള്‍ അല്‍ഷിമേഴ്‌സ് തടയുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *