സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തകർപ്പൻ ജയം. സെവിയ്യയെ 4-2നാണ് കീഴടക്കിയത്.
കിലിയൻ എംബാപെ(10), ഫെഡറികോ വാല്‍വെർഡെ(20), റോഡ്രിഗോ(34),ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയർക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെൻബാകിയോ(85) എന്നിവർ ആശ്വാസ ഗോള്‍നേടി. ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയർന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.
സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയൻ എംബാപെ അനായാസം വലകുലുക്കി. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിർത്താൻ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടർ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.
ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദർശകർ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയൻ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെർണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.