സന്തോഷ് ട്രോഫിയില്‍ വിജയക്കുതിപ്പ് തുടരുന്ന കേരളത്തിന് മുന്നില്‍ തകർന്നടിഞ്ഞ് ഡല്‍ഹിയുടെ പ്രതിരോധകോട്ടയും.
ഇതോടെ തുടർച്ചയായി നാലാം ജയം നേടിയ കേരളം ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു.
കളം നിറഞ്ഞുകളിച്ച നിജോ ഗില്‍ബർട്ടിന്റെ പിന്തുണയില്‍ കേരളത്തിനായി നസീബ് റഹ്മാൻ, ജോസഫ് ജസ്റ്റിൻ, ടി ഷിജിൻ എന്നിവരാണ് ഗോളുകള്‍ നേടിയത്. മുന്നേറ്റത്തില്‍ മുഹമ്മദ് അജ്സലിന് പകരം ടി ഷിജിനും, മുഹമ്മദ് റോഷാലിന് പകരം നിജോയുമായാണ് കേരളം മൈതാനത്തേക്കിറങ്ങിയത്.
തുടക്കത്തില്‍ തന്നെ കേരളത്തിന്റെ ഗോള്‍മുഖം വിറപ്പിക്കാൻ ഡല്‍ഹിക്ക് സാധിച്ചുവെങ്കിലും 16-ാം മിനിറ്റില്‍ ഗോളിലൂടെ കേരളം അതിന് മറുപടി നല്കി. 31-ാംമിനിറ്റില്‍ റിയാസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ കേരളം ലീഡുയർത്തി. ഒമ്ബത് മിനിറ്റിനുള്ളില്‍ ടി ഷിജിനിലൂടെ വീണ്ടും ഡല്‍ഹിയുടെ പ്രതിരോധകോട്ട കേരളം ഭേദിച്ചു. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളിന് കേരളം ഡല്ഡഹിയെ തകർത്തു.
ഗ്രൂപ്പ് ബിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഗോവയെ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളത്തിനുപിന്നാലെ മേഘാലയയും ക്വാർട്ടറിലേക്ക് മുന്നേറി. മറ്റൊരു കളിയില്‍ തമിഴ്നാടിനെ 1-1ന് സമനിലയില്‍ തളച്ച ഒഡിഷയും പ്രതീക്ഷ നിലനിർത്തിയിട്ടുണ്ട്. കേരളത്തിന് ഇനി നാളെ തമിഴ്നാടുമായാണ് ഗ്രൂപ്പിലെ അവസാന മത്സരം.