കരുവാറ്റയില്‍ എ.ടി.എമ്മില്‍നിന്നു 10,000 രൂപ കവർന്ന കേസില്‍ യു.പി. സ്വദേശികളായ രണ്ടുപേർ പിടിയില്‍.
ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശി രാഹുല്‍ മൗര്യ (29), മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ള ധർമേന്ദ്ര സാഹു (33) എന്നിവരാണ് പിടിയിലായത്.ആലപ്പുഴയില്‍ വാടകയ്ക്കു താമസിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ എ.ടി.എം. കവർച്ചയ്ക്കു പദ്ധതിയിട്ട പ്രതികള്‍ നാട്ടിലേക്കു മടങ്ങുന്നതിനു തൊട്ടുമുൻപാണ് കലവൂരില്‍നിന്ന് ഹരിപ്പാട് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് നാല്പതോളം എ.ടി.എം. കാർഡുകള്‍ കണ്ടെടുത്തിട്ടുണ്ട്.
എ.ടി.എമ്മില്‍നിന്നു പണം എടുക്കുമെങ്കിലും ബാങ്ക് സെർവറില്‍ ഈ വിവരം രേഖപ്പെടുത്താത്തവിധത്തിലെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടാത്തതിനാല്‍ തട്ടിപ്പ് ബാങ്കിന്റെ ശ്രദ്ധയില്‍പ്പെടില്ല. എ.ടി.എം. പ്രവർത്തിപ്പിക്കുന്ന സ്വകാര്യകമ്ബനികള്‍ക്കാണ് നഷ്ടമുണ്ടാകുന്നത്. പലപ്പോഴും ഏറെവൈകിമാത്രമാണ് ഇക്കാര്യം തിരിച്ചറിയുന്നത്. സംസ്ഥാനത്ത് ഇതുവരെ പിടിക്കപ്പെടാത്ത വിധത്തിലെ ഹൈടെക് തട്ടിപ്പാണു നടന്നിരിക്കുന്നതെന്ന് പോലീസിന്റെ സൈബർ വിഭാഗം സ്ഥിരീകരിക്കുന്നുണ്ട്
കരുവാറ്റയില്‍ കെ.എല്‍. 04-ടി-5011 നമ്ബർ സ്കൂട്ടറിലാണ് മോഷ്ടാക്കളെത്തിയത്. ഇത് മറ്റൊരു വാഹനത്തിന്റെ നമ്ബരായിരുന്നു. പോലീസ് സംഘം നമ്ബരിലെ വിട്ടുപോയ അക്ഷരം കണ്ടെത്തി. നമ്ബരിലെ എ.ടി. എന്നതിലെ എ ഒഴിവാക്കിയാണ് തട്ടിപ്പുകാർ യാത്രചെയ്തത്. ആലപ്പുഴ കലവൂരില്‍നിന്നു വാടകയ്ക്കെടുത്ത സ്കൂട്ടറായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തി.
കായംകുളത്തെ ഒരു എ.ടി.എമ്മില്‍ കഴിഞ്ഞദിവസം മോഷണശ്രമം നടന്നു. കരുവാറ്റയിലെ മോഷ്ടാക്കള്‍ ധരിച്ച വസ്ത്രങ്ങളായിരുന്നില്ല. എന്നാല്‍, അവിടെയെത്തിയവർ ധരിച്ചിരുന്ന വെള്ള ഷൂസ് ഇവരുടെ കാലിലും കണ്ടു. ഇവർ ദേശീയപാതയിലൂടെ യാത്രചെയ്ത സി.സി.ടി.വി. ദൃശ്യങ്ങള്‍ പിന്തുടർന്ന് ആലപ്പുഴയിലെ താമസസ്ഥലം തിരിച്ചറിഞ്ഞു. പ്രതികള്‍ സ്കൂട്ടർ മടക്കിക്കൊടുക്കാനെത്തിയപ്പോഴാണ് പിടിയിലായതെന്നാണറിയുന്നത്.
എ.ടി.എമ്മില്‍നിന്നു പണം പുറത്തേക്കു വരുന്നതോടെയാണ് ഇടപാട് പൂർണമാകുന്നത്. ഈ സമയത്ത് കീപാഡില്‍ തുടർച്ചയായി അമർത്തുന്നതോടെ സിസ്റ്റം ഹാങ് ആകുമെങ്കിലും പണം പുറത്തേക്കു വരും. അപ്പോള്‍ത്തന്നെ മുൻഭാഗത്തെ മൂടി അടർത്തിമാറ്റി അകത്തുള്ള റീ സ്റ്റാർട്ട് ബട്ടണ്‍ അമർത്തും. ഇതോടെ ഇടപാട് ബാങ്ക് സെർവറില്‍ രേഖപ്പെടുത്തുന്നത് ഒഴിവാകും. പകരം ഇടപാട് റദ്ദായതായി പരിഗണിക്കപ്പെടും.
ഇത്തരം തട്ടിപ്പിനു പ്രതികള്‍ വ്യാജവിലാസത്തില്‍ തരപ്പെടുത്തുന്ന എ.ടി.എം. കാർഡുകളാണ് ഉപയോഗിക്കുന്നത്. ഈ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിരിക്കും. എ.ടി.എമ്മിലൂടെ എടുത്താലും അക്കൗണ്ടില്‍ കുറവുകാണിക്കുകയില്ല.
ദേശീയപാതയോരത്ത് ആശ്രമം ജങ്ഷനിലെ ടാറ്റ കമ്ബനി എ.ടി.എം. ഹെല്‍മെറ്റ് ധരിച്ച രണ്ടുപേർ കൗണ്ടറില്‍ കയറുന്നു. ഒരാള്‍ കാർഡിട്ട് എ.ടി.എം. യന്ത്രത്തില്‍ വിവരങ്ങള്‍ നല്‍കുന്നു. പണം വരുന്നതിനു തൊട്ടുമുമ്ബ് കീ പാഡില്‍ തുടർച്ചയായി അമർത്തുന്നു. അലാറം മുഴങ്ങുന്നതിനിടെ പണം പുറത്തേക്ക് വരുന്നു. ആ നിമിഷം ഒപ്പമുണ്ടായിരുന്ന ആള്‍ യന്ത്രത്തിന്റെ മുൻഭാഗം വലിച്ചുതുറന്ന് അകത്തുള്ള റീസെറ്റ് ബട്ടണ്‍ അമർത്തുന്നു. അലാറം നിലച്ചു. യന്ത്രത്തിന്റെ മൂടി വലിച്ചടയ്ക്കുന്നു. ഒരു നിമിഷത്തിനുശേഷം വീണ്ടും മൂടി തുറക്കാൻ ശ്രമം. ശബ്ദംകേട്ട് അടുത്തുള്ള കടയിലെ ജീവനക്കാരി എ.ടി.എം. കൗണ്ടറിന്റെ വാതില്‍ തുറന്നു നോക്കുന്നു. തട്ടിപ്പുകാർ പുറത്തിറങ്ങി സ്കൂട്ടറില്‍ കയറിപ്പോകുന്നു.