റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹിയുടെ ടാബ്ലോ ഇത്തവണയുമില്ല

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലും ഡല്‍ഹിയുടെ ടാബ്ലോ ഉണ്ടാകില്ല. ഇത് നാലാം തവണയാണ് ഡല്‍ഹിയുടെ ടാബ്ലോ കേന്ദ്രം നിരാകരിക്കുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വീണ്ടും പോർ ആരംഭിച്ച ഘട്ടം കൂടിയാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് ഡല്‍ഹിയുടെ ടാബ്ലോ അവസരം നിഷേധിച്ചത്.

‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡല്‍ഹിയുടെ ടാബ്ലോക്ക് പരേഡില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. എന്തൊരു രാഷ്ട്രീയമാണിത്? എന്തിനാണ് അവര്‍ ഡല്‍ഹിയിലെ ജനങ്ങളെ ഇത്രയധികം വെറുക്കുന്നത്? എന്തിനാണ് ഡല്‍ഹിയിലെ ജനങ്ങള്‍ അവര്‍ക്ക് വോട്ട് ചെയ്യേണ്ടത്?’- കെജ്രിവാള്‍ പറഞ്ഞു. ‘അവര്‍ക്ക് ഡല്‍ഹിയിലെ ജനങ്ങളെ കുറിച്ച്‌ യാതൊരു കാഴ്ചപ്പാടുമില്ല. അവര്‍ കെജ്രിവാളിനെ അധിക്ഷേപിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിനായി ഡല്‍ഹി ജനത അവര്‍ക്ക് വോട്ട് ചെയ്യണോ? ജനുവരി 26-ന് നടക്കുന്ന പരേഡില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഡല്‍ഹിയിലെ ജനങ്ങളെയും ടാബ്ലോയെയും എന്തിനാണ് തടയുന്നത്?’ അദ്ദേഹം ചോദിച്ചു.

ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമാണെന്നും എല്ലാ വര്‍ഷത്തെയും പരേഡില്‍ ഡല്‍ഹിയെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021ലാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഡല്‍ഹിയുടെ ടാബ്ലോ അവസാനമായി ഇടംപിടിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഷാജഹാനാബാദ് പുനര്‍വികസന പദ്ധതിയാണ് അന്ന് പ്രദര്‍ശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *