സ്കൂളിലെ ക്രിസ്മസ് ആഘോഷം ചോദ്യം ചെയ്തു; മൂന്ന് വിച്ച്‌എപി നേതാക്കള്‍ അറസ്റ്റില്‍

സ്കൂളില്‍ ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ മൂന്ന് വിഎച്ച്‌പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിഎച്ച്‌പി പാലക്കാട് ജില്ലാ സെക്രട്ടറി കെ.അനില്‍കുമാർ, ജില്ലാ സംയോജക് സുശാസനൻ, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് നല്ലേപ്പിള്ളി ഗവണ്‍മെന്റ് അപ്പർ പ്രൈമറി സ്കൂളില്‍ സെമസ്റ്റർ പരീക്ഷയ്ക്കുശേഷം വിദ്യാർഥികളും അധ്യാപകരും ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ മൂന്ന് പേർ സ്കൂളിലേക്ക് എത്തുകയായിരുന്നു. സ്കൂളിലെ പ്രധാന അധ്യാപിക ജയന്തിയെയും മറ്റ് അധ്യാപികമാരെയും ഇവർ ചോദ്യം ചെയ്യുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ക്രിസ്മസിന് പകരം കൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കാത്തത് എന്തുകൊണ്ടാണെന്നും അധ്യാപകർ സാന്താക്ലോസ് വസ്ത്രം ധരിച്ചത് എന്തുകൊണ്ടാണെന്ന് അറിയണമെന്നും ഇവർ ചോദിച്ചു.

കേരളത്തിലെ ഒരു സ്കൂളില്‍ ഇത്തരമൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് സ്കൂള്‍ പിടിഎ പ്രസിഡന്റ് കെ.മുരളീധരൻ പറഞ്ഞു. സ്കൂളില്‍ നടക്കുന്ന ഇത്തരമൊരു സംഭവം ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിഎച്ച്‌പി നേതാക്കള്‍ക്കെതിരെ ബിഎൻഎസ് സെക്ഷൻ 329 (3), 296 (ബി), 351 (2), 132 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *