പുതുവത്സരാഘോഷത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാൻ ബംഗളൂരു കോർപറേഷൻ അധികൃതരും പൊലീസും സംയുക്ത യോഗം ചേർന്ന് ചട്ടങ്ങള്‍ തയാറാക്കി.
പുതുവത്സരാഘോഷങ്ങളുടെ കേന്ദ്ര ബിന്ദുവായ ബംഗളൂരു എം.ജി റോഡിലും ബ്രിഗേഡ് റോഡിലും സി.സി.ടി.വി കാമറകളുടെ എണ്ണം വർധിപ്പിക്കാൻ പൊലീസ് കോർപറേഷന് നിർദേശം നല്കി.
നേരത്തെ 200 മുതല്‍ 300 വരെ സി.സി.ടി.വി കാമറകള്‍ മാത്രമാണ് സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇത്തവണ കൂടുതല്‍ പേർ എത്തുമെന്നതിനാല്‍ എണ്ണൂറോളം സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനാണ് നിർദേശം. പുലർച്ച ഒരു മണിക്ക് പുതുവത്സരാഘോഷം അവസാനിപ്പിക്കണം. പ്രധാനപ്പെട്ട മേല്പാലങ്ങള് രാത്രി 10 മണിക്ക് ശേഷം അടച്ചിടും.
എം.ജി റോഡിലും ബ്രിഗേഡ് റോഡിലും രാത്രി എട്ടുമണിക്കുശേഷം വാഹന ഗതാഗതം അടച്ചിടും. ആഘോഷത്തിനെത്തുന്നവർക്കായി പ്രത്യേക പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തും. സ്ത്രീ സുരക്ഷക്കായി വനിത പൊലീസിനെ വിന്യസിക്കും. ഉച്ച ഒരു മണിക്കുശേഷം ബാറുകളും പബ്ബുകളും അടച്ചിടും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷത്തിന് അനുമതി നിർബന്ധമാണ്. ഉച്ചഭാഷിണി, പടക്കം എന്നിവയും നിരോധിക്കും. പുതുവത്സരാഘോഷത്തിനെത്തിയവരില് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടാല്‍ ആരോഗ്യ പരിശോധനക്ക് ജീവനക്കാരെ നിയോഗിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.