യുപിയില്‍ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങള്‍

 യുപി പിലിഭിത്തില്‍ മൂന്ന് ഖലിസ്ഥാൻ ഭീകരരെ വധിച്ചു.നിരോധിത ഭീകര സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്സിലെ അംഗങ്ങളായ ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.

പഞ്ചാബ്- യു പി പൊലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഇവരില്‍ നിന്ന് എ. കെ 47 റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. പഞ്ചാബ് പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട ഭീകരർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഭീകര മൊഡ്യൂളിലെ ശേഷിക്കുന്നവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. പിലിഭത്തിലെ സിഖ് ഭൂരിപക്ഷ മേഖലയില്‍ ഒളിത്താവളം കണ്ടെത്താനാണ് ഭീകരർ എത്തിയതെന്നാണ് വിവരം.

പാക് പിന്തുണയൊടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ഖലിസ്ഥാൻ കമാൻഡോ ഫോഴ്സ്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ പഞ്ചാബിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. ഖലിസ്ഥാനി സംഘടനകളാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്ന് അന്വേഷണ ഏജൻസികള്‍ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ചയാണ് ഗുരുദാസ്പൂരിലെ ബംഗാർ പൊലീസ് പോസ്റ്റിന് നേരെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച അമൃത്‌സറിലെ ഇസ്ലാമാബാദ് പൊലീസ് സ്റ്റേഷനിലും ബക്ഷിവാള്‍ പൊലീസ് പോസ്റ്റിന് പുറത്തും സ്‌ഫോടനമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം സോഷ്യല്‍ മീഡിയയിലൂടെ തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *