നമ്മുടെ ഡയറ്റില്‍ പ്രോട്ടീന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് പഠിപ്പിച്ചതില്‍ സോഷ്യല്‍ മീഡിയക്കും അതിലെ ഫിറ്റ്നസ് ഇൻഫ്ലുവൻസർമാർക്കും ചെറുതല്ലാത്ത പങ്കുണ്ട്.
എന്നാല്‍, ഇത്തരം ഇൻഫ്ലുവൻസർമാർ പലരും മുന്നോട്ടുവെക്കുന്ന അത്ര പ്രോട്ടീൻ ഒരു സാധാരണ മനുഷ്യൻ കഴിക്കേണ്ടതുണ്ടോ? വളർച്ചക്കും മസിലുകള്‍ നിലനിർത്താനും കേടുപാട് തീർക്കാനും പ്രോട്ടീൻ ഏറ്റവും ആവശ്യമുള്ളതാണ്.
അതേസമയം, പ്രോട്ടീൻ സപ്ലിമെന്റ് അടക്കം നിർദേശിക്കുന്ന ഫിറ്റ്നസ് ഇൻഫ്ലുവൻസർമാരുടെ സ്വാധീനത്തില്‍ പെടേണ്ടതില്ലെന്നാണ് യു.കെയിലെ ലോബറോ സർവകലാശാല പെർഫോമൻസ് ന്യൂട്രീഷ്യനിസ്റ്റ് ബെഥൻ ക്രൗസ് അഭിപ്രായപ്പെടുന്നത്. യു.കെ മാനദണ്ഡപ്രകാരം ഒരാളുടെ ശരീരഭാരത്തില്‍ ഒരു കിലോഗ്രാമിന് 0.75 ഗ്രാം ആണ് പ്രോട്ടീൻ വേണ്ടത്.
അതായത് 65 കിലോ ഭാരമുള്ള വ്യക്തി ഒരു ചിക്കൻ ബ്രെസ്റ്റും 200 ഗ്രാം ഗ്രീക്ക് യോഗർട്ടും ഒരു മുട്ടയും കഴിച്ചാല്‍ അന്നത്തെ പ്രോട്ടീൻ ആയി എന്നർഥം. മസില്‍ ബില്‍ഡ് ചെയ്യാൻ ശ്രമിക്കുന്നയാളാണെങ്കില്‍ കിലോഗ്രാമിന് 1.82 ഗ്രാം പ്രോട്ടീൻ ആവശ്യമാണെന്നും ബെഥൻ പറയുന്നു.
എന്നാല്‍, ബ്രിട്ടീഷുകാർ ആവശ്യത്തിലും അധികമാണ് പ്രോട്ടീൻ കഴിക്കുന്നതെന്ന് ബ്രിട്ടനിലെ നാഷനല്‍ ഡയറ്റ് ആൻഡ് ന്യൂട്രീഷ്യൻ സർവേ പറയുന്നു. പുരുഷന്മാർ ശരാശരി 85 ഗ്രാമും സ്ത്രീകള്‍ 67 ഗ്രാമും പ്രോട്ടീൻ കഴിക്കുന്നുണ്ട്. അതേസമയം, ഐക്യരാഷ്ട്രസഭ നിർദേശിക്കുന്ന അളവ് കിലോക്ക് 0.8 ഗ്രാം ആണ്. അതായത് 65 കിലോ ഭാരമുള്ളയാള്‍ക്ക് ദിവസം 52 ഗ്രാം മതിയാകും.
ഇന്ത്യക്കാർക്ക് പ്രോട്ടീൻ കുറവ്
അരിയും ഗോതമ്ബും റാഗിയുമെല്ലാം മൂന്നുനേരം കഴിച്ച് കാർബോഹൈഡ്രേറ്റിന്റെ അളവു കൂട്ടുന്ന നമ്മള്‍ ഇന്ത്യക്കാർ ശരാശരി എത്ര പ്രോട്ടീൻ കഴിക്കും? കിലോഗ്രാമിന് 0.6 ഗ്രാം ആണ് ഇന്ത്യക്കാരൻ കഴിക്കുന്ന ശരാശരി പ്രോട്ടീൻ അളവ്. ഇത് യു.എൻ നിർദേശത്തിലും കുറവാണ്.
എന്നാല്‍, 0.83 ഗ്രാം എങ്കിലും കഴിക്കണമെന്നാണ് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് (ഐ.സി.എം.ആർ) നിർദേശിക്കുന്നത്. ധാന്യഭക്ഷണം മുഖ്യമായതിനാല്‍ നമ്മുടെ ഡയറ്റില്‍ ‘കാർബ്’ സ്വാഭാവികമായും കൂടുതലാണ്. അതുകൊണ്ടു തന്നെ ഇന്ത്യക്കാർ പ്രോട്ടീൻ അളവ് കൂട്ടണം.മെന്നാണ് വിദഗ്ധർ പറയുന്നത്.
കൂടിയാലെന്താ കുഴപ്പം?
പ്രോട്ടീൻ കൂടുതല്‍ കഴിക്കുന്നത് വലിയ ദോഷമൊന്നുമല്ലെങ്കിലും ഈയൊരു ന്യൂട്രിയന്റില്‍ മാത്രം കേന്ദ്രീകരിച്ച് ഭക്ഷണക്രമം തയാറാക്കുമ്ബോള്‍, പച്ചക്കറികളില്‍നിന്നും പഴങ്ങളില്‍നിന്നുമുള്ള ഫൈബർ, ആന്റി ഓക്സിഡന്റ്, വൈറ്റമിൻസ്, മിനറല്‍ തുടങ്ങിയവ വിസ്മരിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് ബെഥൻ മുന്നറിയിപ്പു നല്‍കുന്നു.