ബുണ്ടസ് ലീഗയില്‍ ഗോള്‍ മഴ; അഞ്ചടിച്ച്‌ ബയേണ്‍ മ്യൂണിക്കിന്റെ തേരോട്ടം

ബുണ്ടസ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കിന് തകർപ്പൻ ജയം. ആർ.ബി ലെപ്സിക്കിനെ ഗോള്‍ മഴയില്‍ മുക്കിയാണ് ജർമൻ വമ്ബന്മാർ തങ്ങളുടെ ആധികാരികമായ വിജയം സ്വന്തമാക്കിയത്.

ആർ.ബി ലെപ്സിക്കിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ബയേണ്‍ തകർത്തുവിട്ടത്.

ബയേണ്‍ മ്യൂണിക്കിന് വേണ്ടി ജമാല്‍ മ്യൂസിയാല(1), കോണ്‍റാഡ് ലൈമർ(25), ജോഷ്വാ കിമ്മിച്ച്‌ (36), ലിയോറി സനെ(75), അല്‍ഫോൻസോ ഡേവിസ്(78) എന്നിവരാണ് ഗോളുകള്‍ നേടിയത്. ആർ.ബി ലെപ്സിക്കിനെ ബെഞ്ചമിൻ സെസ്കോ (2) ആണ് ഗോള്‍ നേടിയത്.

മത്സരത്തില്‍ സർവാധിപത്യം പുലർത്തിയത് ബയേണ്‍ മ്യൂണിക്ക് ആയിരുന്നു. മത്സരത്തില്‍ 71 ശതമാനം ബോള്‍ പൊസഷനും ബയേണ്‍ മ്യൂണിക്കിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. 22 ഷോട്ടുകളാണ് എതിർ ടീമിന്റെ പോസ്റ്റിലേക്ക് ബയേണ്‍ മ്യൂണിക് ഉതിർത്തത്. ഇതില്‍ ഒമ്ബത് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു.

നിലവില്‍ ബുണ്ടസ്ലീഗയില്‍ ഒന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക് ഉള്ളത്. 15 മത്സരങ്ങളില്‍ നിന്നും 11 വിജയവും മൂന്നു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 36 പോയിന്റാണ് ബയേണ്‍ മ്യൂണിക്കിന്റെ കൈവശമുള്ളത്.

ജനുവരി 11ന് ബൊറൂസിയ മോണ്‍ചെൻഗ്ലാഡ്ബാച്ചിനെതിരെയാണ് ബയേണ്‍ മ്യൂണിക്കിന്റെ അടുത്ത മത്സരം. ബൊറൂസിയ മോണ്‍ചെൻഗ്ലാഡ്ബാച്ചിന്റെ തട്ടകമായ ബൊറൂസിയ പാർക്കിലാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *