മുല്ലപ്പെരിയാര്‍: തേക്കടിയിലെ വനപാലകരെ നിരീക്ഷിക്കാൻ കാമറകള്‍ സ്ഥാപിച്ച്‌ തമിഴ്നാട്

മുല്ലപ്പെരിയാറില്‍ അനുമതിയില്ലാതെ സാധനങ്ങള്‍ കൊണ്ടുപോയത് തടഞ്ഞ വനം വകുപ്പിനെതിരെ തമിഴ്നാടിന്‍റെ നീക്കം.

പെരിയാർ കടുവ സങ്കേതത്തിനുള്ളില്‍ മുൻകൂട്ടി അനുമതി വാങ്ങാതെ കാമറകള്‍ സ്ഥാപിച്ചാണ് തമിഴ്നാട്, കേരള വനം വകുപ്പിനെ വെല്ലുവിളിക്കുന്നത്.

തേക്കടി ബോട്ട്ലാൻഡിങ്ങിലേക്ക് പോകുംവഴി റോഡരികിലാണ് പുതിയ കാമറകള്‍ സ്ഥാപിച്ചത്. റോഡരികില്‍ പൈപ്പ് സ്ഥാപിച്ച്‌ വനപാലകർ കടന്നുപോകുന്ന വഴികള്‍ മുഴുവൻ നിരീക്ഷിക്കുംവിധം നാല് കാമറയാണുള്ളത്.

തേക്കടിയില്‍ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്‍റെ ഓഫിസും ഐ.ബിയും നിലവിലുണ്ട്. ഇവയുടെ വാതില്‍ക്കല്‍ സ്ഥാപിക്കാതെയാണ് കാമറകള്‍ റോഡരികില്‍ പൈപ്പ് സ്ഥാപിച്ച്‌ വെച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്കുമുമ്ബ്, മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് മുൻകൂട്ടി അനുമതി വാങ്ങാതെ കൊണ്ടുപോയ നിർമാണ സാമഗ്രികള്‍ വള്ളക്കടവ് ചെക്പോസ്റ്റില്‍ വനം വകുപ്പ് തടഞ്ഞിരുന്നു. ഇതിനെതിരെ തമിഴ്നാട്ടില്‍ ചില സംഘടനകള്‍ പതിവ് പ്രതിഷേധവുമായി രംഗത്തുവരുകയും ചെയ്തു.

തേക്കടിയിലെ വനപാലകരുമായി നിരന്തരം ഏറ്റുമുട്ടലിന്‍റെ പാതയിലാണ് തമിഴ്നാട് പൊതുമരാമത്ത് അധികൃതർ. മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപത്തെ ബേബി ഡാം ബലപ്പെടുത്താൻ മരങ്ങള്‍ വെട്ടുന്നതിന് വനം വകുപ്പ് അനുമതി നല്‍കുന്നിെല്ലന്ന പരാതി തമിഴ്നാട് നിരന്തരം ഉയർത്തുന്നുണ്ട്.

തേക്കടി ആനവാച്ചാലിലെ വനം വകുപ്പിന്‍റെ പാർക്കിങ് ഗ്രൗണ്ട് മുല്ലപ്പെരിയാർ പാട്ടഭൂമിയിലാണെന്നപേരിലും തമിഴ്നാട് അധികൃതർ കേരള വനംവകുപ്പിനെതിരെ തിരിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വനം വകുപ്പിന്‍റെ അനുമതിയില്ലാതെ, കടുവ സങ്കേതത്തിനുള്ളില്‍ കാമറകള്‍ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *