കുവൈത്തില്‍ നിന്നും കോടികള്‍ ഒഴുകും? ക്രൂഡ് ഓയില്‍ വിതരണവും ശക്തിപ്പെടും: മോദിയുടെ സന്ദര്‍ശനവും പ്രതീക്ഷകളും

രണ്ട് ദിവസത്തെ കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. 43 വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്.

1981 ല്‍ ഇന്ദിരാഗാന്ധിയാണ് ഇതിന് മുമ്ബ് കുവൈത്ത് സന്ദർശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 10 ലക്ഷത്തിലേറെ ഇന്ത്യക്കാർ വസിക്കുന്ന കുവൈത്തിലേക്ക് നരേന്ദ്ര മോദിയെത്തുമ്ബോള്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമം ഉള്‍പ്പെടെ ചർച്ചയാകും. കുവൈത്തിലെ ലേബർ ക്യാംപും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്. കുവൈത്ത് ജനസംഖ്യയുടെ 21 ശതമാനവും മൊത്തം തൊഴില്‍ ശക്തിയുടെ 30 ശതമാനവും ഇന്ത്യക്കാരാണ്.

പത്ത് വർഷത്തിലേറെയായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന നരേന്ദ്ര മോദി ഇതുവരെ സന്ദർശനം നടത്തിയിട്ടില്ലാത്ത ഏക ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യവുമാണ് കുവൈത്ത്. കുവൈത്ത് അമീർ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബർ അല്‍ സബാഹിൻ്റെ ക്ഷണപ്രകാരമാണ് നരേന്ദ്ര മോദിയുടെ സന്ദർശനം. കുവൈത്ത് ഭരണാധികാരികളും മോദിയും തമ്മിലുള്ള ചർച്ചയില്‍ ഊർജ സുരക്ഷ, സാമ്ബത്തിക സഹകരണം, സുരക്ഷാ സഹകരണം എന്നിവ പ്രധാന അജണ്ടയായി മാറിയേക്കുമെന്നാണ് ഫിനാൻഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

1961ല്‍ ഇന്ത്യ കുവൈത്തുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് മുതല്‍ ഇരു രാജ്യങ്ങളും വളരെ അടുത്തതും സൗഹൃദപരവുമായ ബന്ധം തുടരുകയാണെന്ന് വിദേശ കാര്യ മന്ത്രാലയവും വ്യക്തമാക്കുന്നു.ഇന്ത്യയുടെ മുൻനിര വ്യാപാര പങ്കാളികളികളിലൊന്നാണ് കുവൈത്ത്. 2023-24 സാമ്ബത്തിക വർഷത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 10.47 ബില്യണ്‍ ഡോളറെന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തി. 2022-23 നും 2023-24 നും ഇടയില്‍ കുവൈറ്റിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 34 ശതമാനം വർധിച്ച്‌ 1.56 ബില്യണ്‍ ഡോളറില്‍ നിന്ന് 2.1 ബില്യണ്‍ ഡോളറുമായി.

ഇക്കാലയളവില്‍ കുവൈറ്റ് ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി ഇന്ത്യയില്‍ നടത്തിയ നിക്ഷേപം 10 ബില്യണ്‍ ഡോളറിലേറെയുമായി. ഇന്ത്യയുടെ ആറാമത്തെ വലിയ ക്രൂഡ് വിതരണക്കാരായി ഉയർന്നുവരുന്ന കുവൈത്ത് രാജ്യത്തിന്റെ എണ്ണയുടെ പ്രധാന ഉറവിടമാണ്. മോദിയുടെ സന്ദർശനത്തില്‍ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിലും ഊർജ്ജ വിതരണത്തിലുമടക്കം ചർച്ചകളുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം അടുത്തിടെയായി ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുത്തി വരികയാണ്. മേഖലയില്‍ അടിക്കടിയുള്ള സന്ദർശനത്തിനായി പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധചെലുത്താറുണ്ട്. ഏഴ് തവണ യു എ ഇ സന്ദർശിച്ച മോദി ഖത്തറിലും സൗദി അറേബ്യയിലും രണ്ട് പ്രാവശ്യവും ബഹ്‌റൈനിലും ഒമാനിലും ഒരിക്കലും സന്ദർശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *