ക്രിസ്മസ്, പുതുവത്സര അവധിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആർ.ടി.സിയുടെ പുതിയ പരിഷ്കാരം.
ഒരു കിലോമീറ്റർ 35 രൂപയെങ്കിലും വരുമാനമില്ലാത്ത സർവിസുകള്‍ നിർത്തലാക്കാനുള്ള തീരുമാനമാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ജില്ലയിലെ വിവിധ സർവിസുകളെ ഇത് ബാധിക്കും.
യാത്രക്കാരുടെ കൂട്ടായ്മകള്‍ ഇടപെട്ടതിനെ തുടർന്നാണ് കോവിഡിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന താമരശ്ശേരി- പെരിന്തല്‍മണ്ണ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസുകള്‍ സർവിസ് പുനരാരംഭിച്ചത്. എന്നാല്‍, പുതിയ പരിഷ്കരണം മൂലം പുതുതായി തുടങ്ങിയ സർവിസുകള്‍ പോലും നിർത്തിവെക്കാൻ കാരണമാകുന്നതായി യാത്രക്കാർ ആരോപിക്കുന്നു.
വടകര ഡിപ്പോയില്‍നിന്ന് ഒരു മാസം മുമ്ബ് ആരംഭിച്ച വടകര- കൊയിലാണ്ടി- ബാലുശ്ശേരി- താമരശ്ശേരി- മുക്കം- അരീക്കോട്- മഞ്ചേരി- റൂട്ട് വഴി പാലക്കാടേക്കുള്ള 02.50 ന്റെ വടകര -പാലക്കാട് സർവിസ്, പെരിന്തല്‍മണ്ണ വഴിയുള്ള മറ്റൊരു സർവിസ്, 04.50ന്റെ മേലാറ്റൂർ വഴിയുള്ള വടകര- പാലക്കാട് സർവിസ് എന്നിവ പരിഷ്കാരത്തിന്റെ ഭാഗമായി നിർത്തിവെച്ചു.
കെ.എസ്.ആർ.ടി.സി ഇല്ലാത്ത റൂട്ടിലൂടെ ആരംഭിച്ച വടകര ഡിപ്പോയുടെ പുതിയ സർവിസുകള്‍ക്ക് പരിഷ്കാരം വലിയ തിരിച്ചടിയാണ് നല്‍കിയത്. ഉള്ളിയേരി- ബാലുശ്ശേരി- താമരശ്ശേരി റൂട്ടിലുള്ളവർക്ക് മുക്കം, അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളില്‍ എത്തിച്ചേരാനും തിരിച്ചുമുള്ള സർവിസുകളാണ് ഇതുമൂലം യാത്രക്കാർക്ക് നഷ്ടമായത്.
അതേപോലെ താമരശ്ശേരി- പെരിന്തല്‍മണ്ണ റൂട്ടില്‍ മണ്ണാർക്കാട് ഡിപ്പോ പുതുതായി ആരംഭിച്ച 06.20 മണ്ണാർക്കാട്- മാനന്തവാടി സർവിസ്, താമരശ്ശേരി ഡിപ്പോയുടെ 07.35 നുള്ള താമരശ്ശേരി- എറണാകുളം സർവിസ്, ബത്തേരി ഡിപ്പോയുടെ 05.55 ന്റെ സുല്‍ത്താൻ ബത്തേരി- ത്രിശൂർ സർവിസ് എന്നിവയൊന്നും ഒരു മാസമായി ഓടുന്നില്ല.
താമരശ്ശേരി ഡിപ്പോയില്‍ നിന്ന് അതി രാവിലെയുള്ള പാണ്ടിക്കാട്- മേലാറ്റൂർ വഴി പാലക്കാട്ടേക്കുള്ള സർവിസും താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൊട്ടാരക്കരയില്‍നിന്ന് പെരിന്തല്‍മണ്ണ- താമരശ്ശേരി റൂട്ടില്‍ ഓടുന്ന ബത്തേരി എസ്.ഡി.എല്‍.എക്സ് സർവിസ് മറ്റു മേഖലയില്‍ ഓടാൻ വേണ്ടി കാൻസല്‍ ചെയ്തു. ക്രിസ്മസ്, പുതുവർഷ അവധികള്‍ തുടങ്ങാനിരിക്കെ ഇത്രയും സർവിസുകള്‍ നിർത്തിവെക്കുന്നത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കും.
ജനങ്ങള്‍ ഈ സർവിസുകളെ കുറിച്ച് അറിയാത്തത് മൂലമാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടത്തില്‍ ഓടേണ്ടി വരുന്നതെന്നും ജനപ്രതിനിധികളുടെയും യാത്രക്കാരുടെ കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ സർവിസുകള്‍ പുനരാരംഭിക്കാൻ ആവശ്യമായി നടപടികള്‍ സ്വീകരിക്കണമെന്നും യാത്രക്കാരുടെ പ്രതിനിധി സംഘടന ഭാരവാഹികളായ അനൂപ് ജനാർദനൻ, അനീസ് കെ. ബാസിത് തോട്ടുമുക്കം, എം. ഉസ്മാൻ, അമല്‍ജിത് സണ്ണി, കെ.പി. മുനവ്വിർ എന്നിവർ ആവശ്യപ്പെട്ടു.