വയനാട്ടില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

വയനാട് കലക്ടറേറ്റില്‍ ഉള്‍പ്പെടെ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാർമാർക്കും ജൂനിയർ സൂപ്രണ്ടുമാർക്കും കൂട്ട സ്ഥലംമാറ്റം.

റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണം ഉയർന്ന സാഹചര്യത്തില്‍ മുഖം മിനുക്കലിന്റെ ഭാഗമായാണ് ജില്ല ഭരണകൂടത്തിന്റെ നടപടി.

ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡെപ്യൂട്ടി കലക്ടറെയും മാറ്റിയിട്ടുണ്ട്. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോരിനെയും അഴിമതിയാരോപണങ്ങളെയും കുറിച്ച്‌ ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നല്‍കിയിരുന്നു. ഓഫിസിന്റെ സുഗമമായ പ്രവർത്തനത്തിനും ഭരണസൗകര്യത്തിനുമാണ് സ്ഥലംമാറ്റം എന്നാണ് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

അതേസമയം, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണമുള്ള ജോയൻറ് കൗണ്‍സില്‍ നേതാവായ ജൂനിയർ സൂപ്രണ്ടിനെ കലക്ടറേറ്റില്‍ തന്നെ ജോലിഭാരം കുറഞ്ഞ സെക്ഷനിലേക്ക് മാറ്റി സംരക്ഷിച്ചുവെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആരോപണവിധേയർ ഉള്‍പ്പെടെ ആറു ഡെപ്യൂട്ടി തഹസില്‍ദാർ/ജൂനിയർ സൂപ്രണ്ടുമാർക്കാണ് സ്ഥാനചലനം.

റവന്യൂ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് വിവാദമാവുകയും ഉരുള്‍ ദുരിതാശ്വാസ ഏകോപനം പരാജയപ്പെടുകയും ചെയ്തതിനെ തുടർന്ന് ആരോപണവിധേയർക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പെടെ ശക്തമായ നടപടി വേണമെന്ന് ജീവനക്കാർക്കിടയില്‍ തന്നെ ആവശ്യം ഉയർന്നിരുന്നു.

ഉത്തരവിന്റെ പകർപ്പ്

അതേസമയം, മൂന്നു വർഷം തുടർച്ചയായി ഒരേ സീറ്റില്‍ ഇരിക്കുന്നവരെ മാറ്റണമെന്ന സർക്കാർ മാനദണ്ഡം പാലിക്കാതെ കലക്ടറേറ്റില്‍ തുടരുന്ന നിരവധി പേരുണ്ട്. എം സെക്ഷനില്‍ ഒരേ കസേരയില്‍ അഞ്ചു വർഷമായി ഇരിക്കുന്ന സൂപ്രണ്ട് ഉണ്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, സ്ഥലംമാറ്റ മാനദണ്ഡം പാലിച്ച്‌ മൂന്നു വർഷം പൂർത്തിയായ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റിനിയമിക്കണമെന്ന കലക്ടറുടെ തീരുമാനം ഭരണ സ്വാധീനം ഉപയോഗിച്ച്‌ സർവിസ് സംഘടനകള്‍ അട്ടിമറിക്കുകയാണെന്നാണ് ആരോപണം. സംസ്ഥാനതലത്തില്‍ റവന്യൂ ജീവനക്കാരില്‍നിന്ന് ഓപ്ഷൻ വാങ്ങി സ്ഥലമാറ്റം നടക്കുന്നുണ്ടെങ്കിലും വയനാട്ടില്‍ ദീർഘനാളായി നടപ്പാക്കുന്നില്ലെന്നാണ് പരാതി.

അപേക്ഷ നല്‍കിയാല്‍ പോലും ഒഴിവുകള്‍ അനുസരിച്ച്‌ സ്ഥലംമാറ്റം ലഭിക്കുന്നില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. ചിലർ ഭരണസ്വാധീനമുപയോഗിച്ച്‌ ആറും ഏഴും വർഷം വരെ ഒരേ ഓഫിസില്‍ ജോലി ചെയ്യുന്നുണ്ട്. ഉരുള്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഭക്ഷണത്തിനും ഹോട്ടലിനും അമിത ബില്ല് നല്‍കിയത് വിവാദമായതും ജില്ല ഭരണകൂടത്തിന് നാണക്കേടുണ്ടാക്കിയിരുന്നു.

ഇതില്‍ ആരോപണമുയർന്ന ഡെപ്യൂട്ടി കലക്ടറെയാണ് സ്ഥലംമാറ്റിയതെങ്കിലും ആരോപണവിധേയരായ ചിലരെ മാത്രം സ്ഥലംമാറ്റാനുള്ള നീക്കം ഉദ്യോഗസ്ഥർക്കിടയില്‍ തന്നെ വിവാദമായിട്ടുണ്ട്. ഭരണകക്ഷിയുടെ സർവിസ് സംഘടന ഇടപെട്ടാണ് ചിലരുടെ സ്ഥലംമാറ്റം തടയുന്നതെന്നാണ് ആരോപണം.

കലക്ടറേറ്റിലെ സി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ജോയി തോമസിനെ എല്‍ സെക്ഷനിലേക്ക് മാറ്റി. എല്‍ സെക്ഷനില്‍ ജൂനിയർ സൂപ്രണ്ട് ആയിരുന്ന ഉമറലി പാറച്ചോടനെ വൈത്തിരി താലൂക്ക് എച്ച്‌ സെക്ഷനില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി നിയമിച്ചു. ഇതേ സെക്ഷനിലെ ഡെപ്യൂട്ടി തഹസില്‍ദാർ ടി.എ. സരിൻ കുമാറിനെ കലക്ടറേറ്റിലെ ഡി.എം സെക്ഷനില്‍ ജൂനിയർ സൂപ്രണ്ടാക്കി.

ഡി.എം സെക്ഷനിലെ ജൂനിയർ സൂപ്രണ്ടായ എൻ. പ്രിയയെ കലക്ടറേറ്റിലെ തന്നെ സി സെക്ഷനിലെ ജൂനിയർ സൂപ്രണ്ടായാണ് മാറ്റിയിരിക്കുന്നത്. കെ സെക്ഷനിലെ ജൂനിയർ സൂപ്രണ്ടായ സരിത സുധാകരനെ വൈത്തിരി താലൂക്ക് ജി സെക്ഷനിലേക്ക് ഡെപ്യൂട്ടി തഹസില്‍ദാറായി നിയമിച്ചു. ഈ സെക്ഷനിലെ ഡെപ്യൂട്ടി തഹസില്‍ദാർ കെ. സുഗതകുമാരിയെ കലക്ടറേറ്റിലെ കെ സെക്ഷനില്‍ ജൂനിയർ സൂപ്രണ്ടായാണ് മാറ്റിനിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *