അമ്ബുകുത്തി, എടക്കല്‍ മലനിരകളിലെ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകള്‍ പൊളിച്ചുനീക്കാൻ ഉത്തരവ്.
മാനന്തവാടി സബ് കലക്ടർ ആണ് ഉത്തരവ് ഇറക്കിയത്. സുല്‍ത്താൻ ബത്തേരി തഹസില്‍ദാറുടെ നേതൃത്വലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മേഖലയിലെ ഏഴ് റിസോർട്ടുകള്‍ക്കെതിരേയാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ ചർച്ചയായതിന് പിന്നാലെ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സുല്‍ത്താൻബത്തേരി തഹസില്‍ദാർ, ജില്ല ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, ജില്ല സോയില്‍ കണ്‍സർവേഷൻ ഓഫിസർ, മൈനിങ് ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.
ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളിലും ഉയർന്ന അപകട മേഖലയുടെ 500 മീറ്റർ ബഫർ സോണിലുമാണ് റിസോർട്ടുകള്‍ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. സ്വാഭാവിക നീരുറവയടക്കം തടസപ്പെടുത്തി കുളങ്ങള്‍ നിർമിച്ചതായും പരിശോധനയില്‍ വ്യക്തമായിരുന്നു. ഉരുള്‍പൊട്ടല്‍ അപകടങ്ങള്‍ ഉണ്ടായാല്‍ ഈ കുളങ്ങള്‍ താഴ് വാരത്തെ കുടുംബങ്ങള്‍ക്ക് ഭീഷണിയാണെന്നും റിപ്പോർട്ടില്‍ പരാമർശമുണ്ട്.
ഈ മാസം ഒമ്ബതിനാണ് തഹസില്‍ദാർ സബ് കലക്ടർക്ക് റിപ്പോർട്ട് നല്‍കിയത്. ഉത്തരവ് തിയതി മുതല്‍ 15 ദിവസത്തിനകം ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിച്ച് ജില്ല ജിയോളജിസ്റ്റിക് നേതൃത്വത്തില്‍ നിർമാണങ്ങള്‍ പൊളിച്ചു നീക്കി ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും സബ് കലക്ടർ മിസാല്‍ സാഗർ ഭരതിന്റെ ഉത്തരവില്‍ നിർദേശമുണ്ട്.