മെക് 7 വിമര്‍ശനങ്ങള്‍ ഗുരുതരം; പിന്‍വലിച്ചതെന്തിന്?

മെക് 7 എന്ന, വ്യായാമ മുറ അഭ്യസിക്കുന്ന കായിക സംരക്ഷണ സേനക്കെതിരേ സിപിഎമ്മും സുന്നി മുസ്ലിം സംഘടനയും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പിന്‍വലിച്ചതെന്തുകൊണ്ട്?

ഏറ്റവും ഒടുവില്‍ കിട്ടുന്ന വിവരം, വ്യായാമ പദ്ധതി എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട രഹസ്യ സംഘടനാ സംവിധാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സമൂഹത്തിലെ പ്രമുഖര്‍, സിപിഎം- കോണ്‍ഗ്രസ് രാഷ്‌ട്രീയ നേതാക്കള്‍, മത സംഘടനാ നേതാക്കള്‍ തുടങ്ങി വിശിഷ്ട വ്യക്തികള്‍വരെ പങ്കുചേര്‍ന്നിട്ടുണ്ട്. ഈ സംവിധാനത്തിന് ജമാ അത്തെ ഇസ്ലാമി ബന്ധവും നിരോധിത പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ആരോപിച്ചാല്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വലിയൊരു സംഘം പ്രതിസ്ഥാനത്താകും. കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകും. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിമര്‍ശിച്ചവരെക്കൊണ്ട് നിലപാടു മാറ്റിച്ചതെന്നാണ് അറിയുന്നത്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച 2022 ലാണ് ഈ സംവിധാനം ഇത്രത്തോളം ശക്തമായത്.

ഏറെ ദുരൂഹമായിരുന്നു വിമര്‍ശനവും പിന്നീടുള്ള പിന്‍വലിക്കലും. ഉറ്റരാഷ്‌ട്രീയ ചങ്ങാതിമാരായ സിപിഎമ്മും ഇസ്ലാമിക മതകാര്യ ഉന്നത സഭയായ സമസ്തയിലെ സുന്നി എപി വിഭാഗവും ഒരേസമയത്താണ് കായിക സംരക്ഷണ സേനയായ മെക് 7 നെ വിമര്‍ശിച്ചതും പിന്‍വലിച്ചതും.

കോഴിക്കോട് കേന്ദ്രീകരിച്ച്‌ സിപിഎമ്മിനു വേണ്ടി ഇസ്ലാമിക രാഷ്‌ട്രീയ നിരീക്ഷണം നടത്തി നയ നിലപാടുകള്‍ എടുക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനാണ്. പാര്‍ട്ടിയില്‍ പല ഉന്നതരേയും വശത്തൊതുക്കിയാണ് മോഹനന്‍ ഇതില്‍ മുന്നേറുന്നത്. ജില്ലയില്‍നിന്നുള്ള മന്ത്രി മുഹമ്മദ് റിയാസിനുപോലും മോഹനന് പിന്നിലേ സ്ഥാനമുള്ളു. ആ മോഹനന് വാക്കും നാക്കും പിഴയ്‌ക്കില്ല. ആലോചിച്ചുറച്ചുതന്നെയാണ് മെക് 7 ന് ജമാ അത്തെ ഇസ്ലാമി ബന്ധവും നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ആരോപിച്ചത്. ‘ഞങ്ങള്‍ അന്വേഷിച്ച്‌, നിരീക്ഷിച്ച്‌ പഠിച്ചശേഷമാണ് പറയുന്നത്’ എന്നായിരുന്നു മോഹനന്റെ പൊതുവേദിയിലെ പ്രസ്താവന.

മുസ്ലിം രാഷ്‌ട്രീയം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്ത് സഖ്യം ഉണ്ടാക്കിയ, കാന്തപുരം നയിക്കുന്ന എപി സുന്നി വിഭാഗത്തിന്റെ ശബ്ദവും മോഹനന്റേതും ഒന്നുതന്നെയായിരുന്നു.

മെക് 7 ന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണെന്നും മുസ്ലിങ്ങളെ ഭിന്നിപ്പിക്കാനാണ് ഈ സംഘടനയെന്നും സമസ്ത സെക്രട്ടറിയും സുന്നി വിഭാഗം നേതാവുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയാണ് ആദ്യം പറഞ്ഞത്. സിപിഎം നേതാവ് പി. മോഹനന്‍ മെക് 7 വിമര്‍ശനം പിന്‍വലിച്ചതോടെ, കാന്തപുരത്തിന്റെ മകനും നോളജ് സിറ്റി സിഇഒയും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയുമായ എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരിയും പ്രസ്താവനയിലൂടെ സുന്നി വിഭാഗത്തിന്റെ മുന്‍ നിലപാട് തിരുത്തി. ഏതെതെങ്കിലും സംഘടനയെ അല്ല, സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെയാണ് എതിര്‍ത്തതെന്നായിരുന്നു അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞത്.

എന്നാല്‍ പേരോട് സഖാഫി ഉന്നയിച്ച ആരോപണങ്ങള്‍ ഏറെ ഗുരുതരമായിരുന്നു. മെക് 7 ചതിയാണ്, വിശ്വാസികള്‍ പെടരുതെന്ന മുന്നറിയിപ്പോടെ നടത്തിയ ആരോപണങ്ങളില്‍ പ്രധാനം ഇവയാണ്:

– വ്യായായ്മ കൂട്ടായ്മയെങ്കില്‍ എന്തിന് ഇസ്ലാമികമായ ‘സലാം’ ചൊല്ലുന്നു. അത് പോലെയുള്ള കാര്യങ്ങള്‍ എന്തിന് ഒളിച്ചു കടത്തുന്നു?
പിഎഫ്‌ഐയുടെ പൂര്‍വരൂപമായ എന്‍ഡിഎഫ് കേരളത്തില്‍ തുടങ്ങിയതും സമാനരീതിയിലാണെന്ന് എസ്വൈഎസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ ചൂണ്ടിക്കാണിച്ചതും ഗുരുതര വിഷയമാണ്.

– മുസ്ലിം പോക്കറ്റുകളിലാണ് മെക് 7 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

– മുസ്ലിം വിശ്വാസികള്‍ക്ക് ബാധകമാവുന്ന ചില പ്രയോഗങ്ങളൊക്കെ ഇവര്‍ നടത്തുന്നു.

– ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നത് ജമാ അത്തെ ഇസ്ലാമിയുടെയും പിഎഫ്‌ഐ മുന്‍ ബന്ധമുള്ള പ്രവര്‍ത്തകരുമാണ്.

സിപിഎം, കേരള കോണ്‍ഗ്രസ്, ഐഎന്‍ടിയുസി തുടങ്ങി നിരവധി സംഘടനകളിലെ അംഗങ്ങള്‍ മെക് 7 ലുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഈ പരിപാടികളില്‍ ഒന്നില്‍ പങ്കാളിയാകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ തുറക്കലില്‍നിന്നുള്ള വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ സലാഹുദീനാണ് കായിക സംരക്ഷണ സേനയ്‌ക്ക് പരിശീലന പദ്ധതി തയാറാക്കിയിട്ടുള്ളത്. ഏഴു കാറ്റഗറിയിലുള്ള 21 വ്യായാമങ്ങളടങ്ങിയ മള്‍ട്ടി എക്‌സര്‍സൈസ് കോംബിനേഷനാണ് മെക് 7. 2012 ല്‍ തുടങ്ങിയ ഈ സേനയ്‌ക്ക് മലബാറില്‍ മാത്രം ആയിരത്തോളം യൂണിറ്റുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *