വയനാട് അമ്ബലവയലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏഴ് റിസോര്‍ട്ടുകള്‍ പൊളിക്കണം; സബ് കലക്ടര്‍ ഉത്തരവിറക്കി

വയനാട് അമ്ബലവയലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏഴ് റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്. മാനന്തവാടി സബ് കലക്ടര്‍ ആണ് ഉത്തരവ് ഇറക്കിയത്.

അമ്ബലവയലിലെ അമ്ബുകുത്തി, എടക്കല്‍ മലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കാനാണ് ഉത്തരവ്. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്വാഭാവിക നീരുറവ തടസപ്പെടുത്തി നിര്‍മിച്ച കൃത്രിമ കുളങ്ങളടക്കം നിരവധി നിര്‍മാണ പ്രവര്‍ത്തികള്‍ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായാണ് തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തല്‍. മേഖലയിലെ ഏഴ് റിസോര്‍ട്ടുകളും അവയിലെ നിര്‍മാണ പ്രവര്‍ത്തികളും മലയടിവാരത്തെ കുടുംബങ്ങള്‍ക്ക് കടുത്ത ഭീഷണിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 15 ദിവസത്തിനകം ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരതിന്റെ ഉത്തരവ്.

റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കുന്നത് നടപ്പാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കിലും ഉത്തരവ് ആശാവഹമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതികരിച്ചു. സെപ്തംബറില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായതിന് പിന്നാലെയാണ് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ സബ് കലക്ടര്‍ ചുമതലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *