വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കർണാടക ആർ.ടി.സി ജീവനക്കാർ ഡിസംബർ 31 മുതല്‍ അനിശ്ചിതകാല സമരത്തിനിറങ്ങും.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ജോയന്റ് ആക്ഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. സമരം പുതുവത്സരത്തലേന്ന് ആരംഭിക്കുന്നതിനാല്‍ ആയിരക്കണക്കിന് യാത്രക്കാരെ ബാധിച്ചേക്കും.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, നോർത്ത് വെസ്റ്റേണ്‍ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നിവയിലെ ജീവനക്കാർ സമരത്തില്‍ പങ്കാളികളാവും. 36 മാസത്തെ ശമ്ബള കുടിശ്ശികയായ 1750 കോടിയും വിരമിച്ച ജീവനക്കാരുടെ ഡി.എ കുടിശ്ശികയായ 306 കോടിയും അനുവദിക്കുക, 2024 ജനുവരി ഒന്നുമുതല്‍ പ്രാബല്യം നല്കി ജീവനക്കാരുടെ ശമ്ബള പരിഷ്കരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതു സംബന്ധിച്ച നിവേദനം ജോയന്റ് ആക്ഷൻ കമ്മിറ്റി നേതാക്കള്‍ കഴിഞ്ഞ ദിവസം മന്ത്രി ദിനേശ് ഗുണ്ടുറാവുവിന് കൈമാറി. വിഷയം സർക്കാറുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പ്രതികരിച്ചതായി നേതാക്കള്‍ അറിയിച്ചു.