പൊലീസ് വേരിഫിക്കേഷന് ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാന്‍ പാടുള്ളൂ ; ബസില്‍ ജീവനക്കാരെ നിയമിക്കാന്‍ പുതിയ നിര്‍ദ്ദേശം നല്‍കി ഗതാഗതമന്ത്രി

റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വകാര്യ ബസ് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.

ബസില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ നടപടികളും കര്‍ശനമാക്കും. ബസിലെ ഡ്രൈവിങ് സംബന്ധിച്ച്‌ ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക സംവിധാനം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

സ്വകാര്യ ബസ് ഇടിച്ച്‌ ഉണ്ടാകുന്ന അപകടങ്ങളില്‍ മരണമുണ്ടായാല്‍ ബസിന്റെ പെര്‍മിറ്റ് ആറ് മാസത്തേയ്ക്ക് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. അപകടത്തില്‍ ഗുരുതര പരിക്കുണ്ടായാല്‍ പെര്‍മിറ്റ് മൂന്ന് മാസത്തേയ്ക്കും സസ്പെന്‍ഡ് ചെയ്യും. ബസ് ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ക്കിടയില്‍ മത്സരയോട്ടം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.

ഇനി മുതല്‍ പൊലീസ് വേരിഫിക്കേഷന് ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാന്‍ പാടുള്ളൂ എന്ന് മന്ത്രി നിര്‍ദേശിച്ചു. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടില്ലെന്ന് പൊലീസ് ക്ലിയറന്‍സ് ലഭിക്കണം. ഇതിന് ശേഷം മാത്രമേ ജീവനക്കാരെ നിയമിക്കാവൂ എന്നും മന്ത്രി ബസ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.

ബസിലെ ഡ്രൈവിങ് സംബന്ധിച്ച്‌ യാത്രക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്ബര്‍ പതിപ്പിക്കാനും ഉടമകളോട് മന്ത്രി ആവശ്യപ്പെട്ടു. ആരുടെ നമ്ബറാണ് നല്‍കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. ലഭിക്കുന്ന പരാതികളില്‍ നടപടിയില്ലെങ്കില്‍ പിന്നീട് പതിപ്പിക്കുന്ന നമ്ബര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെയാകുമെന്നും മന്ത്രി അറിയിച്ചു.

ബസുകളുടെ മത്സരയോട്ടം ഒഴിവാക്കുന്നതിനായി ബസുകളെ ജിയോ ടാഗ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഉടമകള്‍ക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *