തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലേറിയ മഹാരാഷ്ട്ര മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം കിട്ടാത്ത കൂടുതല്‍ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത് മഹായുതിക്ക് (എൻഡിഎ) തലവേദന കൂട്ടുന്നു.
അജിത് പവാർ പക്ഷത്തെ മുതിർന്ന നേതാവും, മുൻ ഉപമുഖ്യമന്ത്രിയുമായ ഛഗൻ ഭുജ്ബല്‍ പാർട്ടി വിടാൻ തയാറെടുക്കുന്നതായാണു നിലനില്‍ക്കുന്ന വലിയ സൂചന. അതേസമയം സംസ്ഥാനത്തെ മുതിർന്ന ഒരു ഒബിസി നേതാവാണ് ഭുജ്ബല്‍.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തന്നെ മന്ത്രിയാക്കാൻ താല്‍പര്യക്കുറവുണ്ടായിരുന്നില്ലെന്നും അജിത് പവാറാണ് തന്നെ ഒഴിവാക്കിയതെന്നും ഭുജ്ബല്‍ തുറന്നടിച്ചു. എൻസിപിയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റായിരുന്ന ഭുജ്ബല്‍ വിവിധ സർക്കാരുകളില്‍ പല വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാന്യമായ പരിഗണന പാർട്ടിയില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ അണികളുമായി ആലോചിച്ച് തുടർനടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ ഭുജ്ബല്‍ ഇന്നു മാധ്യമങ്ങളെ കാണും.
അതേസമയം മന്ത്രിസ്ഥാനം കിട്ടാത്തതില്‍ ശിവേസന ഷിൻഡെ വിഭാഗത്തിലെ മുതിർന്ന നേതാക്കളായ താനാജി സാമന്ത്, സഞ്ജയ് ശിവ്‌താരെ, അബ്ദുല്‍ സത്താർ എന്നിവരും കടുത്ത പ്രതിഷേധത്തിലാണ്. മുൻ സർക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന താനാജി സാമന്ത് അടക്കം ഏതാനും പേർ നിയമസഭാ സമ്മേളനത്തില്‍ നിന്നു വിട്ടുനിന്നാണു പ്രതിഷേധം അറിയിച്ചത്.
മന്ത്രിപദങ്ങള്‍ ബിജെപിയും ശിവസേനയും എൻസിപിയും പങ്കിട്ടെടുക്കുകയാണെന്നും തിരഞ്ഞെടുപ്പുവേളയില്‍ രാപകലില്ലാതെ പ്രചാരണം നടത്തിയ ചെറുപാർട്ടികളെ പൂർണമായി അവഗണിച്ചെന്നും അവയുടെ നേതാക്കള്‍ ആരോപിച്ചു. തന്റെ പാർട്ടിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ കേന്ദ്രന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ ആർപിഐയുടെ നേതാവുമായ രാംദാസ് അടോളെയും ഈ നിലപാടില്‍ അതൃപ്തി പരസ്യമാക്കി.
പ്രതിഷേധം രൂക്ഷമാകവേ, ഇപ്പോഴത്തെ മന്ത്രിമാർ രണ്ടര വർഷത്തേക്കു മാത്രമാണെന്നും അവസരം ലഭിക്കാത്തവരെ പിന്നീട് ഉള്‍പ്പെടുത്തുമെന്നും ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി മേധാവി അജിത് പവാറും അറിയിച്ചു. രണ്ടര വർഷം കഴിഞ്ഞാല്‍ ഒഴിയുമെന്ന് ഇപ്പോഴത്തെ മന്ത്രിമാരില്‍ നിന്ന് ഷിൻഡെ സത്യവാങ്മൂലം വാങ്ങിയതായും റിപ്പോർട്ടുകള്‍ പറയുന്നു.