പ്രധാനമന്ത്രി ഭാവി തലമുറയ്‌ക്ക് അടിത്തറ പാകുന്നു, ജനങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം: ജ്യോതിരാദിത്യ സിന്ധ്യ

 പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവി തലമുറകള്‍ക്ക് അടിത്തറ പാകുന്നുവെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

ഭാരതത്തിലെ ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിനും, ഭാവി തലമുറകള്‍ക്ക് വേണ്ടിയുമാണ് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലിനെ കുറിച്ച്‌ ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ആർട്ടിക്കിള്‍ 370 നിയമം റദ്ദാക്കിയതായാലും, പാർലമെന്റിലെ വനിതാസംവരണ ബില്‍ കൊണ്ടുവന്നതായാലും, ഇപ്പോഴുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലായാലും, ഭാവി തലമുറകള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നത്. ഭാവി തലമുറകള്‍, ഈ ഭരണകാലം എന്നും ഓർമിക്കുന്ന വിധത്തില്‍ അടിത്തറ പാകുകയാണ് പ്രധാനമന്ത്രി.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് കൊണ്ടുവരാനുള്ളതിന് കാരണം ജനങ്ങളാണ്. ഇത് നടപ്പാക്കാനുള്ള പ്രേരണ ലഭിച്ചതും ജനങ്ങളില്‍ നിന്നാണ്. രാജ്യത്ത് എല്ലാ മാസവും എവിടെയങ്കിലും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ആളുകള്‍ എത്ര തവണയാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കോണ്‍ഗ്രസിനെയും ജ്യോതിരാദിത്യ സിന്ധ്യ വിമർശിച്ചു. കോണ്‍ഗ്രസിനെ രാജ്യത്തെ ജനങ്ങള്‍ കൈവിട്ടു. ജനങ്ങള്‍ മാത്രമല്ല, അവരുടെ സഖ്യകക്ഷികളും കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് എംപി രാജീവ് ശുക്ലയുടെ ആരോപണം. ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെയും ഇതേ ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *