ഷിപ്പിങ് ഓപറേഷൻ യോഗം ഇന്ന്: പ്രതീക്ഷയോടെ ബേപ്പൂര്‍ തുറമുഖം

ബേപ്പൂർ തുറമുഖത്തിന് പ്രതീക്ഷ നല്‍കി സംസ്ഥാന മാരി ടൈം ബോർഡിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കോഴിക്കോട് ഷിപ്പിങ് ഓപറേഷൻ യോഗം നടക്കും.

ചരക്കുകപ്പല്‍ സർവിസിന് മുംബൈയിലെ ഭാരത് ബ്രൈറ്റ് ഗ്രൂപ് ഷിപ്പിങ് കമ്ബനി രംഗത്തുവന്നതാണ് പുത്തൻ പ്രതീക്ഷ നല്‍കുന്നത്. മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയുടെ നേതൃത്വത്തില്‍ ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥരും ചേംബർ ഓഫ് കോമേഴ്‌സ് ഭാരവാഹികളും വിവിധ കാർഗോ കമ്ബനി ഉടമകളും യോഗത്തില്‍ പങ്കെടുക്കും.

ബുധനാഴ്ച കണ്ണൂർ ചേംബർ ഓഫ് കോമേഴ്സിലും യോഗം ചേരുന്നുണ്ട്. കണ്ണൂർ അഴീക്കല്‍ തുറമുഖത്തുനിന്ന് ബേപ്പൂർ വഴി കൊച്ചിയിലേക്കും, കൊല്ലത്തേക്കും തുടർന്ന് അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തേക്കുമുള്ള ചരക്ക് ഗതാഗത സാധ്യത സംബന്ധിച്ചാണ് ചർച്ച.

ആദ്യഘട്ടം കണ്ണൂരില്‍നിന്ന് ബേപ്പൂർ വഴി കൊച്ചിയിലേക്കും അടുത്ത ഘട്ടം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്നതിനാണ് ആലോചന. കയറ്റുമതിക്കും ഇറക്കുമതിക്കും മതിയായ ചരക്കുകളുണ്ടെങ്കില്‍ കണ്ടെയ്നർ കാർഗോ സർവിസും ബള്‍ക്ക് കാർഗോ സർവിസും (നോണ്‍ കണ്ടെയ്‌നർ കാർഗോ) നടത്താൻ ഭാരത് ബ്രൈറ്റ് ഗ്രൂപ് സമ്മതമറിയിച്ചു. 20 ഇക്വലന്റ് യൂനിറ്റ്, 40 ഇക്വലന്റ് യൂനിറ്റ് എന്നിങ്ങനെ രണ്ടുതരം കണ്ടെയ്ന‌ർ കാർഗോ സർവിസാണുള്ളത്. ഇതില്‍ 20 ഇക്വലന്റ് യൂനിറ്റ് കാർഗോ സർവിസാണ് പരിഗണനയിലുള്ളത്.

സിമന്റ്, തേങ്ങ, മാങ്ങ തുടങ്ങിയ ഉല്‍പന്നങ്ങള്‍ വലിയ അളവില്‍ കൊണ്ടുപോകുന്നതാണ് ബള്‍ക്ക് കാർഗോ. കാറുകള്‍ ഉള്‍പ്പെടെ വിവിധയിനം വാഹനങ്ങള്‍, പ്ലൈവുഡ്, ടൈല്‍സ് തുടങ്ങിയ ചരക്കുകള്‍ സമുദ്രമാർഗം കയറ്റിറക്കുമതി നടത്തുന്നതിലൂടെ റോഡ് ഗതാഗതത്തേക്കാള്‍ വലിയ തോതില്‍ ചെലവ് കുറയും. കരമാർഗമുള്ള സംസ്ഥാന സഞ്ചാരപാതയില്‍ ഏകദേശം 20,000 ട്രക്കുകള്‍ ചരക്കുകളുമായി ദിനേന സഞ്ചരിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.

സമുദ്ര മാർഗമുള്ള ചരക്കുനീക്കത്തിലൂടെ റോഡിലെ തിരക്ക് ഗണ്യമായി കുറയുകയും പാരിസ്ഥിതിക മലിനീകരണ പ്രശ്നങ്ങള്‍ക്ക് ഒരളവുവരെ പരിഹാരമാവുകയും ചെയ്യും.

കോഴിക്കോടും കണ്ണൂരിലും നടക്കുന്ന ഷിപ്പിങ് ഓപറേഷൻ യോഗത്തെ വളരെ പ്രാധാന്യത്തോടെയാണ് വാണിജ്യ-വ്യാപാര മേഖല വീക്ഷിക്കുന്നതെന്നും കേരള തീരം ചരക്കുകടത്തിന്റെ ഏറ്റവും സുഗമമായ മേഖലയായി മാറ്റുന്നതിനുള്ള ആത്മാർഥ ശ്രമമാണിതെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള ‘മാധ്യമ’ത്തോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *