ദുരിതമൊഴിയാതെ ഗാസ ; മരിച്ചവരുടെ എണ്ണം 45,000 കടന്നു

കുരുതിക്കളമായി ഗാസ. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 45,000 കടന്നു. ഗാസയിലെ ആരോഗ്യവകുപ്പ് അധികൃതർ നല്‍കിയ വിവരമനുസരിച്ച്‌ ഇവരില്‍ പകുതിയിലേറെ സ്ത്രീകളും കുട്ടികളുമാണ്.

ഇതേസമയം, വധിക്കപ്പെട്ടവരില്‍ 17,000 ല്‍ അധികം പേര്‍ ഹമാസിന്റെ സായുധ പ്രവര്‍ത്തകരാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 നു തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ 1,06,962 പേര്‍ക്ക് പരുക്കേറ്റു. തകര്‍ന്ന കെട്ടിടങ്ങളില്‍ ഇനിയും ആയിരക്കണക്കിന് മൃതശരീരങ്ങള്‍ കിടക്കുന്നതിനാല്‍ മരണസംഖ്യ പൂര്‍ണമല്ലെന്നും അധികൃതര്‍ അറിയിച്ചു.

ഗാസയില്‍ ഇസ്രയേല്‍ ഇന്നലെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 53 പലസ്തീന്‍കാര്‍ കൂടി മരിച്ചു. ഇക്കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും രക്ഷാപ്രവര്‍ത്തന സംഘാംഗങ്ങളും ഡോക്ടര്‍മാരും ഉള്‍പ്പെടും. അല്‍ ജസീറയുടെ റിപ്പോര്‍ട്ടറായ അഹമ്മദ് അല്‍ ലൂഹാണു മരിച്ചത്. നുസ്രത്ത് മാര്‍ക്കറ്റ് മേഖലയില്‍ നടത്തിയ ആക്രമണത്തിലാണു ലൂഹ് കൊല്ലപ്പെട്ടത്. മറ്റ് 5 പേരും ഈ ആക്രമണത്തില്‍ മരിച്ചു. ഗാസയിലെ ലാഹിയ, ബെയ്റ്റ് ഹാനുന്‍, ജബാലിയ, റഫ, ഖാന്‍ യൂനിസ് തുടങ്ങിയ മേഖലകളിലും വ്യോമാക്രമണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *