കൊയിലാണ്ടി താമരശ്ശേരി റൂട്ടില്‍ ബപ്പൻകാട് റെയില്‍വേ നിർമിച്ച അടിപ്പാതയില്‍ വൈദ്യുതി വിളക്കുകള്‍ കത്താത്തത് കാല്‍നട യാത്രക്കാർക്ക് ദുരിതമാകുന്നു.
താമരശ്ശേരി ഭാഗത്തേക്ക് പോവുന്ന യാത്രക്കാർക്കുണ്ടായിരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഇവിടെയുണ്ടായിരുന്ന ഗേറ്റ് ഒഴിവാക്കി അടിപ്പാത സ്ഥാപിച്ചത്. പകല്‍ സമയത്ത് പോലും ഇതിനുള്ളില്‍ വെളിച്ചക്കുറവാണ്.
കാല്‍നടക്കാർക്ക് പരിഗണന കൊടുത്താണ് ഇത് നിർമിച്ചതെങ്കിലും വാഹനങ്ങള്‍ നിരന്തരം സഞ്ചരിക്കുന്നതിനാല്‍ നടപ്പാത വഴിയില്‍ ഒരാള്‍ക്ക് കഷ്ടിച്ചു നടന്നു പോകാനുള്ള വീതി മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള കോതമംഗലം ഗവ. യു.പി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികള്‍ക്കടക്കം റെയില്‍വേ ലൈനിന്റെ മറുഭാഗത്ത് എത്താനുള്ള ഏക മാർഗമാണ് ഈ അണ്ടർ പാസ്. വെളിച്ചം കുറവായതിനാല്‍ പകല്‍ സമയത്തുപോലും ഭീതിയോടെയാണ് വിദ്യാർഥികള്‍ നടന്നുപോവുന്നത്.
മഴ തുടങ്ങിയാല്‍ അണ്ടർപാസില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അപകട ഭീഷണിയും ഏറെയാണ്. അണ്ടർ പാസ് നിർമിക്കുമ്ബോള്‍തന്നെ അപാകത ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും റെയില്‍വേ അവഗണിക്കുകയായിരുന്നു.
അടിയന്തര സ്വഭാവത്തില്‍ അണ്ടർ പാസില്‍ പരിഷ്കരണം നടപ്പാക്കി സുരക്ഷയും ഹാൻഡ് റെയിലും സ്ഥാപിക്കണമെന്ന് ടീൻ ഇന്ത്യാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏരിയ ക്യാപ്റ്റൻ ഹസനുല്‍ ബന്ന അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് ഫിസാൻ സ്വാഗതവും വൈസ് ചെയർമാൻ ഇനാം റഹ്മാൻ നന്ദിയും പറഞ്ഞു.