കണ്ണൂരില്‍ മകനെ കുത്തി കൊലപ്പെടുത്തിയ കേസ് ; അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ച്‌ കോടതി

കണ്ണൂര്‍ പയ്യാവൂരില്‍ മകനെ കുത്തിക്കൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഉപ്പുപടന്ന സ്വദേശി സജി ജോര്‍ജിനാണ് ശിക്ഷ വിധിച്ചത്.19 വയസ്സുകാരന്‍ ഷാരോണിനെയാണ് അച്ഛനായ സജി കുത്തി കൊലപ്പെടുത്തിയത്.

2020 ഓഗസ്റ്റ് 15 ആയിരുന്നു കേസിനാസ്പദമായ സംഭവം.നാല് വര്‍ഷത്തിനിപ്പുറം മകനെ കൊന്ന കേസില്‍ അച്ഛന് ശിക്ഷ വിധിച്ചു.

ഉപ്പുപടന്ന സ്വദേശി സജി ജോര്‍ജിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമടക്കണം. തലശേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

വീട്ടിലെ ഡൈനിംങ് ഹാളില്‍ മൊബൈല്‍ നോക്കുകയായിരുന്ന ഷാരോണിനെ സജി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. കൊലപാതകത്തിന്റെ തലേദിവസം സജി വീട്ടില്‍ ചാരായം വാറ്റുന്നത് ഷാരോണ്‍ തടഞ്ഞു. ഈ വിരോധത്താല്‍ മകനെ കൊലപ്പെടുത്തി എന്നാണ് കേസ്.

സജിയുടെ ഭാര്യ ഇറ്റലിയില്‍ നഴ്‌സാണ്. ഭര്‍ത്താവ് മദ്യപിച്ച്‌ ധൂര്‍ത്തടിക്കുന്നതിനാല്‍ മകന്റെ അക്കൗണ്ടിലേക്ക് ആയിരുന്നു പണം അയച്ചിരുന്നത്. ഇതിന്റെ വൈരാഗ്യവും സജിക്ക് ഷാരോണിനോട് ഉണ്ടായിരുന്നു. മകനെ കുത്തിവീഴ്ത്തിയ ശേഷം സജി ബൈക്കില്‍ രക്ഷപ്പെട്ടു. ബൈക്കും കത്തിയും ഉള്‍പ്പെടെ 7 തൊണ്ടി മുതലുകള്‍ കോടതിയില്‍ ഹാജരാക്കി. പിഴത്തുകയും പ്രതിയുടെ ബൈക്ക് വിറ്റ തുകയും ഷാരോണിന്റെ അമ്മയ്ക്ക് നല്‍കണം. 31 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *