ആര്യങ്കാവ്, അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രങ്ങളിലേക്ക് പുനലൂരില്‍ നിന്ന് തമിഴ്‌നാട് വഴി തിരുവാഭരണ ഘോഷയാത്ര നടത്തി.
ഇരു ക്ഷേത്രങ്ങളിലും ഉത്സവത്തിനു മുന്നോടിയായി വിഗ്രഹങ്ങളില്‍ ചാര്‍ത്താനുള്ള ശാസ്താവിന്റെ മുഖകാപ്പ്, തിരുമുഖം, അങ്കികള്‍, ശംഖ്, രത്‌നാങ്കിതങ്ങളായ കൈക്കെട്ട്, മാല, മോതിരം, ഉടവാള്‍, കാന്തമലവാള്‍, ആടയാഭരണങ്ങള്‍ എന്നിവ അടങ്ങുന്ന തിരുവാഭരണങ്ങളാണ് ആഘോഷമായി എത്തിച്ചത്.
പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ഇന്നലെ രാവിലെ 7 മുതല്‍ പ്രത്യേകം സജ്ജീകരിച്ച പൂപ്പന്തലില്‍ ദര്‍ശനത്തിന് വച്ചിരുന്നു. രാവിലെ മുതല്‍ തിരുവാഭരണം ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേര്‍ന്നത്.
9.30ന് ക്ഷേത്ര മേല്‍ശാന്തി കര്‍പ്പൂര ആരതി ഉഴിഞ്ഞതോടെ വ്രതനിഷ്ഠയോടെ എത്തിയ അയ്യപ്പഭക്തര്‍ തിരുവാഭരണ പേടകങ്ങള്‍ തലയിലേന്തി അലങ്കരിച്ച വാഹനങ്ങളില്‍ എത്തിച്ചു. പിന്നീട് ആര്യങ്കാവിലേയും അച്ചന്‍ കോവിലിലേയും തിരുവാഭരണ ഘോഷയാത്രകള്‍ ഒരേ സമയം പുറപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്ബര്‍മാര്‍ ജി.സുന്ദരേശന്‍, അഡ്വ. എ.അജികുമാര്‍, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ എന്‍.ശ്രീധരശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെണ്ടമേളം, പഞ്ചാവാദ്യം, താലപ്പൊലി, അലങ്കരിച്ച വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ പ്രത്യേക വാഹനങ്ങള്‍ എന്നിവ ഘോഷയാത്രയ്‌ക്ക് മിഴിവേകി. തമിഴ്‌നാട്ടില്‍ നിന്ന് സായുധ പോലീസും കേരള പോലീസും സുരക്ഷ ഒരുക്കി. ദേവസ്വം ഉദ്യോഗസ്ഥരുടെയും വിവിധ ക്ഷേത്ര ഉപദേശക സമിതികള്‍, അയ്യപ്പസേവാ സമിതി, ഓട്ടോറിക്ഷ തൊഴിലാളികള്‍, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍, നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.
ആര്യങ്കാവിലേക്കുള്ള ഘോഷയാത്രയ്‌ക്ക് വെട്ടിപ്പുഴ, ട്രാന്‍.ഡിപ്പോ, തൂക്കുപാലം, മിനി പമ്ബ എന്നിവിടങ്ങളില്‍ വരവേല്‍പ്പു നല്കി. ഉച്ചയ്‌ക്ക് ആര്യങ്കാവില്‍ എത്തി. പാലരുവി ജങ്ഷനി
ല്‍ പ്രത്യേക മണ്ഡപത്തില്‍ സൂക്ഷിച്ച തിരുവാഭരണം വൈകിട്ട് ഘോഷയാത്രയോടെ ക്ഷേത്രത്തില്‍ എത്തിച്ച് വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.
അച്ചന്‍കോവിലിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര അതിര്‍ത്തി കടന്നു ചെങ്കോട്ട, തെങ്കാശി കാശി വിശ്വനാഥ ക്ഷേത്ര ഗോപുര നടയില്‍ പ്രത്യേകം പൂപ്പന്തലില്‍ ദര്‍ശനത്തിനു വച്ചു. ഇവിടെ തെങ്കാശി ജില്ലാ ഭരണകൂടവും അയ്യപ്പ സംഘടനകളും സ്വീകരണം നല്‍കി. തുടര്‍ന്ന് മേക്കര, പംപ്ലി, തിരുമല കോവിലിന് മുന്‍വശം എന്നിവിടങ്ങളില്‍ എത്തിയശേഷം പരമ്ബരാഗത പാതയിലൂടെ അതിര്‍ത്തി കടന്ന് വൈകിട്ട് അച്ചന്‍കോവില്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ പന്തലില്‍ എത്തിച്ചു. അവിടെ നിന്ന് ഘോഷയാത്രയോടെ ക്ഷേത്രത്തില്‍ എത്തിച്ച് തിരുവാഭരണങ്ങള്‍ ശാസ്താവിന്റെയും കറുപ്പസ്വാമിയുടെയും വിഗ്രഹങ്ങളില്‍ ചാര്‍ത്തി ദീപാരാധന നടത്തിയതോടെ ഉത്സവത്തിന് തുടക്കമായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനലൂര്‍ ഗ്രൂപ്പ് അസി. കമ്മീഷണര്‍ ജെ. ഉണ്ണികൃഷ്ണന്‍ നായര്‍, ആഘോഷ കമ്മിറ്റി രക്ഷാധികാരികളായ എന്‍. വേണുഗോപാല്‍, പി.ജി. വാസുദേവനുണ്ണി, എസ്. മണികണ്ഠന്‍, എ.വി. വിജേഷ്, കെ.തുളസീധരന്‍ പിള്ള, ചെയര്‍മാന്‍ ബി. വിജയന്‍പിള്ള, വൈസ് ചെയര്‍മാന്‍ ദിലിപന്‍ കെ. ഉപാസന, കണ്‍വീനര്‍ ബി. ജ്യോതിനാഥ്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ എം. ശ്രീരാജ്, ബി. പ്രമോദ്കുമാര്‍ എന്നിവര്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി.