തബലവിദ്വന്‍ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു ; അന്ത്യം സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍

തബലയെ ആഗോളവേദിയിലേക്ക് ഉയര്‍ത്തിയ സംഗീത വിദ്വാന്‍ സാക്കിര്‍ ഹുസൈന്‍ അന്തിരിച്ചു. 73 വയസ്സുള്ള അദ്ദേഹത്തിന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

ഇഡിയൊപതിക് പള്‍മണറി ഫൈബ്രോസിസ് മൂലമുണ്ടായ സങ്കീര്‍ണതകള്‍ മൂലമാണ് ഹുസൈന്‍ മരിച്ചതെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. തന്റെ തലമുറയിലെ ഏറ്റവും മികച്ച തബല വാദകനായി കണക്കാക്കപ്പെടുന്ന ഹുസൈന്‍ ഇതിഹാസ തബല മാസ്റ്റര്‍ ഉസ്താദ് അല്ലാ രാഖയുടെ മകനാണ്. ഭാര്യ കഥക് നര്‍ത്തകിയായ അന്റോണിയ മിനക്കോള. അദ്ദേഹത്തിന് അനീസ ഖുറേഷി ഇസബെല്ല ഖുറേഷി എന്നിങ്ങനെ രണ്ടു പെണ്‍മക്കളുമുണ്ട്.

1951 മാര്‍ച്ച്‌ 9 ന് ജനിച്ച അദ്ദേഹത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട തന്റെ കരിയറില്‍, സംഗീതജ്ഞന്‍ നിരവധി അന്തര്‍ദേശീയ, ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 12 വയസ്സുള്ളപ്പോള്‍ കച്ചേരികളുമായി വേദിയില്‍ പ്രശസ്തനായ അദ്ദേഹത്തിന് നിരവധി ആദരങ്ങള്‍ കിട്ടയിട്ടുണ്ട്. വിഖ്യാത പോപ്പ് ബാൻഡ് ദി ബീറ്റില്‍സ് ഉള്‍പ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിക്കുകയും ലോകവേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും മലയാളത്തില്‍ വാനപ്രസ്ഥം അടക്കമുള്ള അനേകം സിനിമകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തിട്ടുണ്ട്.

ശക്തി” എന്ന ഫ്യൂഷന്‍ സംഗീത ബാന്‍ഡിന് 1974ല്‍ രൂപം നല്‍കി. 1999-ല്‍ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചു. മലയാളത്തില്‍ ‘വാനപ്രസ്ഥം’ അടക്കം ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കി. 1991ലും 2009ലും ഗ്രാമി പുരസ്‌കാരം ലഭിച്ചു.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. മന്റോ, മിസ്റ്റര്‍ ആന്റ് മിസിസ് അയ്യര്‍, വാനപ്രസ്ഥം എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇതിനകം അനേകം വേദികള്‍ കീഴടക്കിയ അദ്ദേഹം 1973-ല്‍ ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഗ്ലിന്‍, വയലിനിസ്റ്റ് എല്‍ ശങ്കര്‍, താളവാദ്യ വിദഗ്ധന്‍ ടിഎച്ച്‌ ‘വിക്കു’ വിനായക്രം എന്നിവരോടൊപ്പം ചേര്‍ന്നുള്ള സംഗീതയാത്ര ലോകപ്രശസ്തമായ അനേകം പരിപാടികള്‍ക്ക് സാക്ഷ്യം വഹിച്ചു. ‘ലോകമെമ്ബാടുമുള്ള എണ്ണമറ്റ സംഗീത പ്രേമികള്‍ നെഞ്ചേറ്റിയ അസാധാരണമായ ഒരു പൈതൃകമാണ് അദ്ദേഹം അവശേഷിപ്പിക്കുന്നത്. വരും തലമുറകള്‍ക്കും പ്രതിധ്വനിക്കുന്ന ഒരു ശക്തമായ സ്വാധീനവുമുണ്ടെന്ന് കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *