മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍വാങ്ങാത്തവരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച് പൊതുവിതരണവകുപ്പ്.
ആനുകൂല്യങ്ങളുള്ള കാര്‍ഡ് കൈവശംവെക്കുകയും സ്ഥിരമായി റേഷന്‍ വാങ്ങാതിരിക്കുകയും ചെയ്തവരുടെ പട്ടിക തയ്യാറാക്കിയാണ് മുന്‍ഗണനാവിഭാഗത്തില്‍ നിന്ന് നീക്കിയത്. എ.എ.വൈ., മുന്‍ഗണന (പി.എച്ച്.എച്ച്.), സബ്സിഡി വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ആനുകൂല്യം നഷ്ടമായത്. റേഷന്‍ വാങ്ങാതിരുന്ന 65,072 റേഷന്‍കാര്‍ഡ് ഉടമകളെയാണ് മുന്‍ഗണനേതര വിഭാഗത്തിലേക്ക് തരംമാറ്റിയത്.
94,02,467 റേഷന്‍കാര്‍ഡുകളാണ് സിവില്‍സപ്ലൈസ് വകുപ്പ് സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ളത്. ഇതില്‍ മുന്‍ഗണനാവിഭാഗത്തില്‍പ്പെടുന്ന (പി.എച്ച്.എച്ച്.) 53,738 കുടുംബങ്ങള്‍ റേഷന്‍ വാങ്ങുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇവരെ പൊതുവിഭാഗം (മുന്‍ഗണനേതര വിഭാഗം എന്‍.പി.എന്‍.എസ്.) റേഷന്‍കാര്‍ഡിലേക്ക് തരംമാറ്റി.
അന്ത്യോദയ അന്നയോജന (എ.എ.വൈ.) വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള 7,040 കുടുംബങ്ങളും പൊതുവിഭാഗം സബ്സിഡിയുള്ള (എന്‍.പി.എസ്.) 4,332 റേഷന്‍കാര്‍ഡ് ഉടമകളും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നില്ല. ഇവരുടെ റേഷന്‍ കാര്‍ഡും പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഏറ്റവുംകൂടുതല്‍ റേഷന്‍കാര്‍ഡുകള്‍ തരംമാറ്റപ്പെട്ടത് എറണാകുളം ജില്ലയിലാണ്. ഇവിടെ ആകെ 8,663 റേഷന്‍കാര്‍ഡുകളാണ് മാറ്റിയത്. ഏറ്റവും കുറവ് വയനാട്ടിലാണ്. ഇവിടെ 869 റേഷന്‍കാര്‍ഡുകളും തരംമാറ്റി.