തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതികളായ നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി എസ്‌എഫ്‌ഐ.
ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് പാളയം ഏരിയാ കമ്മിറ്റി അറിയിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി നടത്തുന്ന നിയമ പോരാട്ടത്തിനൊപ്പമാണ് എസ്‌എഫ്‌ഐയെന്നും ഇവര്‍ക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും എസ്‌എഫ്‌ഐ അറിയിച്ചു.
ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞദിവസമാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ ആദില്‍, ആകാശ്, അഭിജിത്, കൃപേഷ്, അമീഷ് എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന രണ്ടുപേര്‍ക്കെതിരേയുമാണ് കേസെടുത്തത്.
യൂണിവേഴ്സിറ്റി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പരാതിക്കാരന്‍. കോളേജ് യൂണിറ്റ് അംഗം ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം പാളയത്തെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് ക്രൂരമായി വിചാരണ നടത്തിയെന്നാണ് മ്യൂസിയം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.