പാലക്കാട്-തൃശൂർ ദേശീയപാതയിൽ സ്വകാര്യ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്

പാലക്കാട്-തൃശൂർ ദേശീയപാത കണ്ണനൂരിന് സമീപം സ്വകാര്യ ബസ് ഓട്ടോറിക്ഷയിടിച്ച് മറിഞ്ഞ് 16 പേർക്ക് പരിക്ക്. പാലക്കാട് നിന്നും തിരുവില്വാമല പോകുകയായിരുന്ന ബസാണ് ശനിയാഴ്ച ഉച്ചയോടെ അപകടത്തിൽപ്പെട്ടത്. ആരുടേയും നില ഗുരുതരമല്ല.പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലും കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് യാത്രികരായ കുത്തനൂർ സ്വദേശികളായ കൃഷ്‌ണൻകുട്ടി (53), വിലാസിനി(74). പെരിങ്ങോട്ടുകുറുശ്ശി സന്തോഷ് (30), പാലക്കാട് സ്വദേശിനി സൗദ (45), ഓട്ടോറിക്ഷ യാത്രക്കാരായ പാലക്കാട് സ്വദേശിനി സുമതി(64), കുഴൽമന്ദം സ്വദേശിനി ഭാവന (30) എന്നിവർ കാഴ്ചപ്പറമ്ബ് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ബസ് ഡ്രൈവർ തോലനൂർ കുരുടൻകുന്ന് ജയപ്രകാശ് (32), കണ്ടക്ട‌ർ ലക്കിടി കൊടുവാരക്കോട്ടിൽ ദേവദാസ്(54), യാത്രക്കാരായ കണ്ണനൂർ, പൂതുക്കോട് മേഘ (25), പരുത്തിപ്പുള്ളി കുളങ്ങര വീട്ടിൽ ഷബ്‌ന, പരുത്തിപ്പുള്ളി ശക്തി നിവാസിൽ നിത്യ(38) എന്നിവർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. ബസ് യാത്രക്കാരായ ആരിഫ(29), ശ്രീനാഥ് (28), സുമയ്യ(24), സഹദേവൻ(67), ഹന്ന ഫാത്തിമ (5), ഷാസിയ (4), രാമചന്ദ്രൻ(83), ഓട്ടോ ഡ്രൈവർ രതീഷ് (37) എന്നിവരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.ഓട്ടോയെ മറികടക്കുന്നിതിനിടയിൽ ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട് വലതുവശത്തെ ഡിവൈഡറിൽ ഇടിക്കുകയും സമീപത്തെ തൃശൂർ-പാലക്കാട് ട്രാക്കിലൂടെ റോഡിന് വെളിയിലേക്ക് മറിയുകയുമായിരുന്നു. ഈ സമയത്ത് റോഡിൽ നല്ല ചാറ്റൽ മഴ ഉണ്ടായിരുന്നു. അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ വാഹനങ്ങൾ ഇല്ലാത്തത് അപകടത്തിന്റെ വ്യാപ്‌തി കുറച്ചു. നാട്ടുകാരുടെയും പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Leave a Reply

Your email address will not be published. Required fields are marked *