ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കാനുള്ള തീരുമാനവുമായി യുഎഇ. അടുത്തവർഷം ആദ്യം മുതലായിരിക്കും വിതരണത്തിലെ വെട്ടിക്കുറയ്ക്കല്‍ നടപ്പിലാക്കുക.
എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മായ ഒപെക്കില്‍ നിന്നുള്ള ശക്തമായ സമ്മർദ്ദിന്റെ ഫലമായാണ് യു എ ഇ ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നിരിക്കുന്നുതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
അടുത്തിടെയായി ക്രൂഡ് ഓയിലിന് വലിയ തോതില്‍ വിലയിടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില പിടിച്ച് നിർത്താനായി വിതരണം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. വിപണിയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ എത്താതിരുന്നാല്‍ സ്വാഭാവികമായും വില വർധിക്കും. ഈ ലക്ഷം കൈവരിക്കുന്നതിന് വേണ്ടിയാണ് ഒപെക് അംഗരാഷ്ട്രങ്ങള്‍ക്കുമേല്‍ നിയന്ത്രണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് കയറ്റുമതിക്കാരായ സൗദി അറേബ്യ നേരത്തെ തന്നെ വലിയ തോതില്‍ വിതരണവും ഉത്പാദനവും വെട്ടിക്കുറച്ചിട്ടുണ്ട്. യു എ ഇയുടെ പുതിയ തീരുമാനത്തിലും ഒപെക് വഴി സൗദി അറേബ്യ സമ്മർദം ചെലുത്തിയതായി സൂചനയുണ്ട്. അഡ്നോക് അറിയപ്പെടുന്ന അബുദാബി നാഷണല്‍ ഓയില്‍ കമ്ബനി ഏഷ്യയിലെ ചില ഉപഭോക്താക്കള്‍ക്കുള്ള ക്രൂഡ് ഓയില്‍ ചരക്കുകളുടെ വിഹിതം വെട്ടിക്കുറച്ചുവെന്നാണ് റപ്പോർട്ട്.
അതേസമയം തങ്ങളുടെ ക്രൂഡ് ഓയില്‍ ഉത്പാദനം വർധിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ യുഎഇ ആരംഭിച്ചിരുന്നു. പ്രതിദിനം 4.85 ദശലക്ഷം ബാരല്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നാണ് അഡ്നോക് പറയുന്നത്. ഒപെക് പരിധിയേക്കാള്‍ ഏകദേശം 2 ദശലക്ഷം ബാരലുകള്‍ അധികമാണ് ഇത്. പരമാവധി ഉത്പാദനം നടത്താനുള്ള യു എ ഇയുടെ നീക്കം സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു.
2027 ഓടെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദന ശേഷി 5 ദശലക്ഷം ബാരലുകളായി വർധിപ്പിക്കുകയെന്നതാണ് യു എ ഇ ലക്ഷ്യം. ഇതിനായി അഡ്നോക് 2023 മുതല്‍ 2027 വരെയുള്ള ആസൂത്രിത ചിലവ് 150 ബില്യണ്‍ ഡോളറായി ഉയർത്തുകയും ഉല്‍പ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി വിപുലീകരണ പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുമുണ്ട്.
പുതിയ സ്ഥലങ്ങളിലെ ഉല്‍പ്പാദന ശേഷി വർധിപ്പിക്കുന്നതിലും യു എ ഇ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 2018 ലും 2019 ലും, അബുദാബി, ഷാർജ, റാസല്‍ ഖൈമ എമിറേറ്റുകളില്‍ പര്യവേക്ഷണ ബ്ലോക്കുകള്‍ക്കായി നിരവധി അനുമതി നല്കി. ആഭ്യന്തര എണ്ണകമ്ബനികള്ക്കൊപ്പം അന്തർദേശീയ എണ്ണ കമ്ബനികള്‍ക്കും അനുമതി നല്‍കിയെന്നതാണ് ശ്രദ്ധേയം. ആദ്യമായിട്ടായിരുന്നു യു എ ഇയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം.
2022-ലെ കണക്കുകള്‍ പ്രകാരം ലോകത്തിലെ മൊത്തം ദ്രവ ഇന്ധന ഉല്‍പ്പാദനത്തില്‍ യു എ ഇക്ക് ഏഴാം സ്ഥാനമാണുള്ളത്. ഇന്ത്യയിലേക്കുള്‍പ്പെടെ യു എ ഇ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്. നേരത്തെ ഇറാഖും സൗദി അറേബ്യയും കഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്തിരുന്ന രാജ്യം യു എ ഇയാണ്. 2022 ന് ശേഷം റഷ്യ ഇന്ത്യയിലെ ഏറ്റവും വലിയ വിതരണക്കാരായതോടെ നിലവില്‍ യു എ ഇക്ക് ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയില്‍ നാലാം സ്ഥാനമാണുള്ളത്.