ശാഹി ജമാമസ്ജിദിന് ഹിന്ദുത്വവാദികള്‍ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് നടന്ന വർഗീയ സംഘർഷത്തില്‍ മുസ്‍ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭലില്‍ മറ്റൊരു പള്ളിയിലെ ഇമാമിനെതിരെ നടപടിയുമായി ഉത്തർപ്രദേശ് പൊലീസ്.
ഉയർന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് ഇമാമിന് രണ്ട് ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ്. കോട് ഗാർവി മേഖലയിലെ അനാർ വാലി മസ്ജിദിലാണ് സംഭവം.
പള്ളിയില്‍ ഉയർന്ന ശബ്ദത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചത് കേസില്‍ നടപടിയെടുക്കാൻ പ്രേരിപ്പിച്ചതായും 23 കാരനായ തഹ്‌സീബ് എന്ന ഇമാമിന് മുൻകരുതല്‍ നടപടിയായി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തതായി സംഭല്‍ സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) വന്ദന മിശ്ര പറഞ്ഞു. എസ്.ഡി.എം പാസാക്കിയ ഉത്തരവനുസരിച്ച് അടുത്ത ആറ് മാസത്തേക്ക് ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇമാമിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
നവംബർ 24ന് മുഗള്‍ ഭരണകാലത്തെ ജമാ മസ്ജിദില്‍ മുന്നറിയിപ്പ് ഇല്ലാതെ സർവേ നടക്കുന്നതിനിടെ പ്രദേശവാസികള്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഭലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കോടതി ഉത്തരവ് പ്രകാരം ആദ്യം ഒരു സർവേ നടത്തിയിരുന്നു.
തുടക്കത്തില്‍ ആളുകള്‍ തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാകുകയുമായിരുന്നു. സർവേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി. സംഘർഷം രൂക്ഷമായതോടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്.
അതേസമയം, സംഭല്‍ ശാഹി മസ്‍ജിദ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളിലെ സർവേ നടപടികള്‍ സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തു. ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികള്‍ക്ക് സുപ്രിംകോടതി നിർദേശം നല്‍കി.