സംസ്ഥാനത്തെ അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോർന്നത് വിവാദമാകുന്നു. പ്ലസ് വണ്ണിന്റെ അർദ്ധ വാർഷിക കണക്കു പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകള്‍ ആണ് ചോർന്നത്.
ഒരു സ്വകാര്യ ഓണ്‍ലൈൻ ട്യൂഷൻ സെന്ററിന്റെ യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പരീക്ഷയുടെ ചോദ്യങ്ങളുടെ മാതൃക എന്ന രീതിയിലാണ് ഇത് പുറത്തുവന്നത്.
പ്ലസ് വണ്ണിന്റെ കണക്ക് പരീക്ഷ വ്യാഴാഴ്ചയായിരുന്നു.ഈ പരീക്ഷയ്‌ക്ക് വന്ന 23 മാർക്കിന്റെ ചോദ്യങ്ങള്‍ ബുധനാഴ്ച രാത്രി തന്നെ ഒരു സ്വകാര്യ ഓണ്‍ലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വരികയായിരുന്നു. ബുധനാഴ്ച നടന്ന എസ്‌എസ്‌എല്‍സി ഇംഗ്ലീഷ് പരീക്ഷയില്‍ 70 ശതമാനം ചോദ്യങ്ങളും ഓണ്‍ലൈൻ ചാനല്‍ മാതൃക എന്ന രീതിയില്‍ പുറത്തുവിട്ടു.
ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങള്‍ എന്ന പേരില്‍ ചോദ്യത്തിന്റെ ക്രമം പോലും തെറ്റാതെ ചർച്ച ചെയ്യുന്ന വീഡിയോ ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് കാണുകയും പങ്കുവയ്‌ക്കുകയും ചെയ്തത്. ഫോണിലൂടെയും സ്കൂളിലെ വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെയും കുട്ടികള്‍ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ചോദിച്ചത് സംശയത്തിനിടയാക്കിയിരുന്നു. പിന്നീട് പിറ്റേദിവസം ചോദ്യപേപ്പർ കണ്ടപ്പോഴാണ് ഇതിനു പിന്നിലെ കള്ളക്കളികളെ കുറിച്ച് അധ്യാപകർക്ക് ബോധ്യമായത്. കഴിഞ്ഞവർഷത്തെ ക്രിസ്മസ് പരീക്ഷയ്‌ക്കും ഇക്കഴിഞ്ഞ ഒന്നാം പാദവാർഷിക പരീക്ഷക്കും ഇത്തരത്തിലുള്ള ചോദ്യപേപ്പർ വിവാദങ്ങള്‍ ഉയർന്നിരുന്നു. പരീക്ഷയ്‌ക്ക് പഠിക്കാതെ ഓണ്‍ലൈൻ പ്രവചനത്തിനായി കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വൻതോതില്‍ വർധിച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി നടക്കുന്ന വാർഷിക പരീക്ഷയുടെ വിശ്വാസ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നടത്തിപ്പില്‍ ദേശീയ അധ്യാപക പരിഷത്ത് പ്രതിഷേധിച്ചു. സമയബന്ധിതമായി പാഠഭാഗങ്ങള്‍ തീർത്തു പരീക്ഷക്ക് തയ്യാറാക്കിയ വിദ്യാർത്ഥികളുടെ കൈവശം തങ്ങള്‍ കാണുന്നതിന് മുൻപ് തന്നെ ചോദ്യപേപ്പറുകള്‍ ലഭിച്ചത് അധ്യാപകർക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട് എന്നും എൻ ടി യു പ്രസ്താവനയില്‍ അറിയിച്ചു.
പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ അട്ടിമറിക്കുന്ന ഇത്തരം നടപടികള്‍ക്കു പിന്നില്‍ ഉന്നതങ്ങളില്‍ സ്വാധീനമുള്ള ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരും ട്യൂഷൻ ലോബികളുമാണ്. ഇവർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നുവെങ്കിലും ഭരണക്കാരുടെ പിന്നണിയാളുകളായതിനാല്‍ നടപടിക്രമങ്ങള്‍ കടലാസിലൊതുങ്ങി. ട്യുഷൻ സെൻ്ററുകളെയും സ്വകാര്യസ്കൂളുകളെയും സഹായിക്കുന്ന ഒരു സമാന്തര മാഫിയാസംഘം ഇതിനു പിന്നില്‍ പ്രവർത്തിക്കുന്നുണ്ട്. അക്കാദമിക രംഗത്തുണ്ടാക്കുന്ന നിരന്തര വിവാദങ്ങളും ചോദ്യപേപ്പർ അട്ടിമറികളും കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിൻറ്റ കെടുകാര്യസ്ഥതയെയാണ് തുറന്നു കാട്ടുന്നത്. ഇടതു സർക്കാരിൻ്റ മൂടുതാങ്ങികളായ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി സുതാര്യവും നീതിയുക്തവുമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാവണമെന്ന് ദേശീയ അധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് ചോദ്യപേപ്പറിനൊപ്പം നല്കിയ വികലമായ ഭാരതമാപ്പ് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രത്യേക പ്രദേശങ്ങളുടെ സവിശേഷതകള്‍ പഠിപ്പിക്കാനെന്ന പേരില്‍ ഭൂപടത്തിൻ്റ അതിർ വരമ്ബുകളൊഴിവാക്കി നല്കുന്ന പതിവു രീതികള്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് പല സംഘടനകളും. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ നേരിടേണ്ടി വരുമെന്നും കേരള സർക്കാരിൻറ്റ കെടുകാര്യസ്ഥതയുടെ മുഖമുദ്രയായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്നും എൻ ടി യു സംസ്ഥാനജന: സെക്രട്ടറി ടി. അനൂപ് കുമാർ ആരോപിച്ചു.
ചോദ്യപേപ്പർ സ്വർണ സംഭവത്തില്‍ കോഴിക്കോട് പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ പൊതുവിദ്യാഭ്യാസ വകുപ്പിനും പോലീസിനും പരാതി നല്‍കി. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും മനോജ് കുമാർ ആവശ്യപ്പെട്ടു..
ചോദ്യപേപ്പർ ചർച്ചയില്‍ കെ പി എസ് ടി എ, എ എച്ച് എസ് ടി എ, എന്നീ സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.