കീര്‍ത്തി പരിണയം

ചലച്ചിത്ര താരം കീർത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടില്‍ ആണ് വരൻ. ഗോവയില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

15 വർഷത്തെ പ്രണയ സാഫല്യത്തിനൊടുവിലാണ് കീർത്തിയും ആന്റണിയും ഒരുമിക്കുന്നത്.രണ്ട് ചടങ്ങുകളായാണ് വിവാഹം. വിവാഹ റിസപ്ഷന് തമിഴ് സൂപ്പർതാരം വിജയ് ഉള്‍പ്പെടെയുള്ളവർ അതിഥികളായി എത്തി.

എൻജിനീയറായ ആന്റണി തട്ടില്‍ ഇപ്പോള്‍ ബിസിനസ് ചെയ്യുന്നു. കേരളം ആസ്ഥാനമായ ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമയാണ്. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്ര താരം മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ നായിക അരങ്ങേറ്റം. പിന്നീട് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേക്കും എത്തിയ താരം അവിടെ വിജയക്കൊടി പാറിച്ചു. തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.

ഡിസംബർ 25ന് റിലീസ് ചെയ്യുന്ന ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് കീർത്തി.

Leave a Reply

Your email address will not be published. Required fields are marked *