വാഹനപരിശോധനക്കിടെ ഹൈവേ പോലീസിനെ കൈയേറ്റം ചെയ്ത ലോറി ഡ്രൈവറെയും സഹായിയെയും കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
ലോറിഡ്രൈവർ പഴയ ലക്കിടി മഠത്തില്‍ പറമ്ബില്‍ വീട്ടില്‍ എം.കെ. ആഷിഫ് (33), ഇയാളുടെ സഹായി പഴയ ലക്കിടി കളത്തിങ്ങല്‍ ഹൗസില്‍ മുഹമ്മദ് അഫ്സല്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി മുണ്ടൂർ ജങ്ഷനിലാണ് സംഭവം. പ്രതികള്‍ ഗതാഗതതടസ്സം ഉണ്ടാവുന്ന രീതിയില്‍ മുണ്ടൂർ ജങ്ഷനില്‍ നിർത്തിയ ലോറി മാറ്റിനിർത്താൻ ആവശ്യപ്പെട്ട പോലീസിനെ അസഭ്യം പറഞ്ഞ് മണ്ണാർക്കാട് ഭാഗത്തേക്ക് വാഹനം ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് ലോറിയെ പിൻതുടർന്ന പോലീസ് കയറംകോടുവെച്ച് ലോറി നിർത്താൻ ആവശ്യപ്പെട്ടു. വാഹനം നിർത്തിയ പ്രതികള്‍ താഴെ ഇറങ്ങി പോലീസിനെ ആയുധം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിക്കുകയും തള്ളിവീഴ്ത്തുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഹൈവേ പോലീസിലെ സി.പി.ഒ. ബെന്നിയുടെ തോളിലാണ് കുത്തി പരിക്കേല്‍പ്പിച്ചത്. തടയാൻ ശ്രമിച്ച സി.പി.ഒ. ലിബിന്റെ കൈവിരലുകള്‍ക്കാണ് പരിക്ക്. ഇവരുടെ പരാതിയില്‍ കോങ്ങാട് പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ദേശീയപാത ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.