ബാറ്ററി മോഷണത്തില്‍നിന്ന് സ്വര്‍ണക്കവര്‍ച്ചയിലേക്ക്; കവര്‍ന്നത് 350 പവൻ,ബൈക്കുകളും ഭൂമിയും വാങ്ങി

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണം കവർന്ന കേസില്‍ അറസ്റ്റിലായ സുഹൈല്‍ (ഓട്ടോ സുഹൈല്‍) 50 കേസുകളില്‍ പ്രതി.

മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായാണ് കേസുകളുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രിലിലാണ് പൊന്നാനി ഐശ്വര്യ തിയേറ്ററിനു സമീപം, പ്രവാസിയായ മണപ്പറമ്ബില്‍ രാജീവിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണാഭരണങ്ങളും വിലകൂടിയ വിദേശമദ്യവും കവർന്നത്.

കേസില്‍ ഒന്നാംപ്രതിയാണ് തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി രായർമരയ്ക്കാർ വീട്ടില്‍ സുഹൈല്‍ (40). പൊന്നാനി കരിമ്ബനയില്‍ ഭാര്യയുടെ വീട്ടില്‍ താമസിച്ചുവരവേയാണ് കവർച്ച നടത്തിയത്.

കവർച്ചമുതല്‍ വില്‍ക്കാനും മറ്റും സഹായിച്ച പൊന്നാനി കടവനാട് സ്വദേശി മുക്രിയം കറുപ്പംവീട്ടില്‍ അബ്ദുള്‍നാസർ (45), പാലക്കാട് കാവശ്ശേരി സ്വദേശി പാലത്തൊടിവീട്ടില്‍ മനോജ് (41) എന്നിവരും അറസ്റ്റിലായിട്ടുണ്ട്. അബ്ദുള്‍നാസർ കള്ളനോട്ടുകേസിലും പ്രതിയാണ്.

കൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സ്വർണത്തിന്റെ ബാക്കി കണ്ടെത്തേണ്ടതു സംബന്ധിച്ചും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

കുടുക്കിയത് സ്വർണം വില്‍ക്കാനുള്ള ശ്രമങ്ങള്‍

സ്വർണം വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചില വിവരങ്ങളാണ് പ്രതികളെ പിടികൂടാൻ വഴിയൊരുക്കിയത്. കവർച്ച നടന്നതിനുശേഷം സുഹൈലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. എന്നാല്‍, തെളിവുകളൊന്നും കിട്ടാത്തതിനാല്‍ വിട്ടയച്ചു. എങ്കിലും സംശയം ബാക്കിയുണ്ടായിരുന്നതിനാല്‍ പോലീസ് പ്രതിയെ നിരീക്ഷിച്ചുവരുകയായിരുന്നു.

കവർച്ച നടന്ന വീട്ടില്‍നിന്ന് സി.സി.ടി.വി.യുടെ മെമ്മറി ഭാഗങ്ങള്‍ അഴിച്ചെടുത്ത് പ്രതി കടലിലെറിഞ്ഞിരുന്നു. 1100 ഗ്രാം സ്വർണം വിവിധയിടങ്ങളില്‍ വിറ്റുകിട്ടിയ 20 ലക്ഷം രൂപ കൈവശമുള്ളതായി സുഹൈല്‍ സമ്മതിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തില്‍ തിരൂർ ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ, പോത്തുകല്‍ പോലീസ് ഇൻസ്പെക്ടർ ദീപകുമാർ, പൊന്നാനി പോലീസ് ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്ത്, തിരൂർ പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ് എന്നിവരും പൊന്നാനി പോലീസും ചേർന്നാണ് പ്രതികളെ പിടിച്ചത്.

ബൈക്കും ഭൂമിയും വാങ്ങി

പ്രതികള്‍ കവർച്ചമുതല്‍ ഉപയോഗിച്ച്‌ രണ്ട് ഇരുചക്രവാഹനങ്ങള്‍ വാങ്ങി. ഭൂമി വാങ്ങാനും പണം വിനിയോഗിച്ചു. പ്രതികളെ തിരൂർ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു.

തെളിവെടുപ്പിനും കൂടുതല്‍ ചോദ്യംചെയ്യലിനുമായി കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ബാറ്ററി മോഷണത്തില്‍നിന്ന് സ്വർണക്കവർച്ചയിലേക്ക്

പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 350 പവൻ സ്വർണംകവർന്ന കേസിലെ ഒന്നാംപ്രതി വാടാനപ്പള്ളി സ്വദേശി സുഹൈല്‍ കവർച്ചയ്ക്ക് തുടക്കമിട്ടത് വാഹനങ്ങളുടെ ബാറ്ററി മോഷണത്തിലൂടെ. ഓട്ടോറിക്ഷ, ബൈക്ക്, സ്കൂളുകളിലെ കംപ്യൂട്ടർ, ബാറ്ററി, പ്രൊജക്ടർ തുടങ്ങി പലവഴികളിലൂടെ സുഹൈല്‍ മോഷണപരമ്ബരതന്നെ സൃഷ്ടിച്ചു. പിന്നീട് വീടുകള്‍ കുത്തിത്തുറന്നുള്ള വലിയ കവർച്ചകളായി.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മിക്ക പോലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ കേസുണ്ട്. വാടാനപ്പള്ളിയില്‍ കവർച്ച നടത്തി പോലീസ് പിടിയിലായപ്പോള്‍ ലോക്കപ്പില്‍ ബർമുഡയുടെ ചരടില്‍ കെട്ടിത്തൂങ്ങാൻ ശ്രമിച്ച്‌ ആശുപത്രിയിലായി.

കളവു കേസുകളില്‍ പിടിയിലായാല്‍ എത്ര ശ്രമിച്ചാലും കുറ്റസമ്മതം നടത്താതിരിക്കല്‍ സുഹൈലിന്റെ രീതിയാണ്. ജയിലിലായാല്‍ ജയിലിലെ മറ്റു തടവുകാരുമായിച്ചേർന്ന് കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതും പതിവാണ്. കേസുകളില്‍ സുഹൈലിന് ജാമ്യം ലഭിക്കാൻവേണ്ട സഹായങ്ങള്‍ ചെയ്യാറുള്ളത് അറസ്റ്റിലായ മനോജാണെന്ന് അന്വേഷണസംഘം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *