ഗുരുവായൂര്‍: അശുദ്ധി ഉണ്ടായിട്ടും അന്നദാനപ്പുരയില്‍ തന്ത്രി നിലവിളക്ക് തെളിയിച്ചത് ഒഴിവാക്കാമായിരുന്നു: തന്ത്രി സമാജം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി നാളില്‍ അശുദ്ധി ഉണ്ടായിട്ടും തന്ത്രി ചേന്നാസ് ദിനേശന്‍ നമ്ബൂതിരിപ്പാട് അന്നദാനപ്പുരയില്‍ നിലവിളക്ക് കൊളുത്തിയത് ഒഴിവാക്കേപ്പെടേണ്ടതായിരുന്നുവെന്ന് അഖിലകേരള തന്ത്രി സമാജം സംസ്ഥാന കമ്മിറ്റി യോഗം.

തന്ത്രി സമൂഹത്തിനാകെ മാതൃകയാകേണ്ടയാളാണ്. അന്നദാനപ്പുര ക്ഷേത്ര മതിലിന് പുറത്താണെങ്കിലും പുല കണക്കിലെടുത്ത് ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമായിരുന്നു.

ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാന്‍ തന്ത്രി മറ്റ് കുടുംബാംഗങ്ങളെയെല്ലാം പരസ്പര ധാരണയോടെ കൊണ്ടുപോകേണ്ടതുണ്ട്. ആചാരങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുന്ന ഘട്ടത്തില്‍ പുലര്‍ത്തേണ്ട നടപടി ക്രമങ്ങള്‍ പാലിക്കപ്പെടാഞ്ഞതാണ് ഏകാദശി ഉത്സവം വിവാദത്തിലാകാന്‍ കാരണമെന്നും തന്ത്രി സമാജം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പുലിയന്നൂര്‍ ശശി നമ്ബൂതിരിപ്പാട് അധ്യക്ഷനായ യോഗത്തില്‍ വൈസ് പ്രസിഡന്റ് എ. എ. ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്ബൂതിരിപ്പാട്, വേഴപ്പറമ്ബ് ഈശാനന്‍ നമ്ബൂതിരിപ്പാട്, പുല്ലാംവഴി സനല്‍ നാരായണന്‍ നമ്ബൂതിരി, ദിലീപ് വാഴുന്നോര്‍ നമ്ബൂതിരി, പെരഞ്ഞേരി വാസുദേവന്‍ നമ്ബൂതിരി, ഇളക്കഴിപ്പുറം രമേശന്‍ നമ്ബൂതിരി, സൂര്യകാലടി പരമേശന്‍ ഭട്ടതിരിപ്പാട്, കെപിസി കൃഷ്ണന്‍ ഭട്ടതിരിപ്പാട്, പട്ടന്തേയം ശങ്കരന്‍ നമ്ബൂതിരി, കുന്നം ജയകൃഷ്ണന്‍ നമ്ബൂതിരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *