പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ 8505.23 കോടി രൂപ ഉണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്രം.
പി.എഫ്. പെൻഷൻഫണ്ടില്‍ ഒമ്ബതുലക്ഷം കോടി രൂപയുണ്ടെന്നും 2023- 24 സാമ്ബത്തിക വർഷാവസാനം എംപ്ലോയീസ് പെൻഷൻ ഫണ്ടില്‍ 8,88,269 കോടി രൂപയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 2019-20 മുതല്‍ 2023-24 വരെയുള്ള അഞ്ചു വർഷംകൊണ്ട് എംപ്ലോയീസ് പെൻഷൻ ഫണ്ടിലുള്ള തുകയില്‍നിന്ന് പലിശയിനത്തിലും മറ്റും 2,44,942.34 കോടി രൂപയുടെ വരുമാനമുണ്ടായി. എന്നാല്‍, ഈ കാലയളവില്‍ വെറും 66,001.85 കോടി രൂപമാത്രമാണ് പെൻഷൻ ഇനത്തില്‍ നല്‍കിയത്.
രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം.പി.യുടെ ചോദ്യത്തിനുള്ള മറുപടിയായാണ് തൊഴില്‍ സഹമന്ത്രി ശോഭ കരന്തലജെ രേഖാമൂലം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മാർച്ച് 31 വരെ അവകാശികളില്ലാത്ത പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍മാത്രം 8505.23 കോടി രൂപയുണ്ട്. പ്രതിമാസം 1000 രൂപയില്‍ താഴെയോ 4000 രൂപയില്‍ കൂടുതലോ പെൻഷൻ ലഭിക്കുന്നവരുടെ വിശദാംശങ്ങള്‍ കേന്ദ്രം നല്‍കിയില്ല.