രാജ്യത്തെ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അമിത വേഗത്തേക്കാള്‍ രാജ്യത്ത് അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത് റോഡുകളിലെ ലൈനുകള്‍ മാറ്റി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ സ്വഭാവമാണെന്നും ഗഡ്കരി പറഞ്ഞു.
റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ജനങ്ങളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകാതെ മറ്റു വഴിയില്ല. റോഡപകടങ്ങളുമായി ബന്ധപ്പെട്ട് അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ മുഖം മറയ്‌ക്കാന്‍ ശ്രമിക്കേണ്ട ഗതികേടിലാണ് താനെന്നും ലോക്സഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവേ കേന്ദ്രമന്ത്രിപറഞ്ഞു.
രാജ്യത്തെ റോഡപകടങ്ങളുടെ എണ്ണത്തില്‍ 50 ശതമാനം കുറവുണ്ടാക്കണമെന്ന ആഗ്രഹമായിരുന്നു കേന്ദ്ര ഗതാഗതമന്ത്രിയായി ചുമതലയേല്‍ക്കുമ്ബോള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അപകടങ്ങളുടെ എണ്ണം കുറയുന്നതിന് പകരം ഉയരുകയാണുണ്ടായതെന്ന് സമ്മതിക്കാന്‍ മടിയില്ല. പ്രതിവര്‍ഷം 1.78 ലക്ഷം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്. ഇതില്‍ 60 ശതമാനം പേരും 18-34 വയസിനിടയിലുള്ളവരാണ്. സമൂഹത്തില്‍ മാറ്റമുണ്ടാവുകയും നിയമവാഴ്ചയെ ബഹുമാനിക്കാന്‍ ശീലിക്കുകയുമാണ് പരിഹാരമാര്‍ഗം. ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ പൗരന്മാര്‍ തയാറാവണം. യുവ സമൂഹം ഗതാഗത നിയമങ്ങള്‍ പിന്തുടരണം. കുട്ടികളില്‍ അടക്കം ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച പരിശീലനം നല്കി അതു സ്വഭാവത്തില്‍ തന്നെ ശീലമാക്കണം. ഗതാഗത ലംഘനങ്ങള്‍ കണ്ടെത്തി പിഴ നല്കാന്‍ സിസിടിവികള്‍ റോഡുകളില്‍ വര്‍ധിപ്പിക്കണമെന്നും ഗഡ്കരി പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ മറുപടിക്ക് പിന്നാലെ വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇടപെട്ട ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, എല്ലാ എംപിമാരും കൂട്ടായ പരിശ്രമം ഇക്കാര്യത്തില്‍ നടത്തണമെന്നാവശ്യപ്പെട്ടു. ആളുകളെ ബോധവല്‍ക്കരിക്കാനും ഗതാഗത നിയമങ്ങളും വരികള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കാനും എംപിമാര്‍ ശ്രദ്ധ നല്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.