രാജ്യതലസ്ഥാനത്തെ പത്തിലധികം സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് സംഭവം. കുറഞ്ഞത് 16 സ്കൂളുകളെ എങ്കിലും ബോംബ് ഭീഷണി ബാധിച്ചതായാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ പോലീസും ഫയർഫോഴ്സും അടക്കമുള്ള ഏജൻസികള്‍ സ്കൂളുകളില്‍ പരിശോധന നടത്തിയിരുന്നു.
ഈയാഴ്ച ഇത് രണ്ടാം തവണയാണ് സമാനമായ രീതിയില്‍ ബോംബ് ഭീഷണി ഉയരുന്നത്. ഇതോടെ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയിലും ക്രമസമാധാന നിലയെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുകയാണ്. വിശദ പരിശോധനകള്‍ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായി ഡല്‍ഹി പോലീസ് അറിയിച്ചു.
ഈസ്റ്റ് ഓഫ് കൈലാഷിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍, മയൂർ വിഹാറിലെ സല്വാൻ പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണല്‍ സ്കൂള്‍, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്കൂള്‍ എന്നിവ ഭീഷണി സന്ദേശം ലഭിച്ച സ്കൂളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അയച്ചയാളുടെ ആവശ്യങ്ങള്‍ അറിയാൻ സ്കൂളുകളോട് മറുപടി അയക്കാൻ ഇമെയിലില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് വിവരം.
പുലർച്ചെ 4.30ന് ഇ-മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ്, പോലീസ്, ബോംബ് ഡിറ്റക്ഷൻ ടീമുകള്‍, ഡോഗ് സ്ക്വാഡുകള്‍ എന്നിവർ സ്കൂളിലെത്തി അന്വേഷണം ആരംഭിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടികളെ ക്ലാസുകളിലേക്ക് അയക്കരുതെന്ന് സ്കൂള്‍ അധികൃതർ രക്ഷിതാക്കളോട് അറിയിച്ചു.
അതേസമയം, തുടർച്ചയായ ബോംബ് ഭീഷണികളില്‍ പരിഭ്രാന്തരായിരിക്കുകയാണ് ഡല്‍ഹി നിവാസികളും സ്കൂള്‍ അധികൃതരും. മുൻ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നു. വളരെ ഗുരുതരവും ആശങ്കാജനകവുമാണ് നിലവിലെ ബോംബ് ഭീഷണികള്‍ എന്ന് പറഞ്ഞ കെജ്രിവാള് വിദ്യാർത്ഥികളെ ഇത് മോശമായി ബാധിക്കുമെന്നുംചൂണ്ടിക്കാട്ടി.
വ്യാജ ബോംബ് ഭീഷണികള്‍ ഡല്‍ഹിയിലെ സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. ഈയാഴ്ച ആദ്യം ആർകെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക പബ്ലിക് സ്കൂള്‍ എന്നിവയുള്‍പ്പെടെ ഡല്‍ഹിയിലെ 40ലധികം സ്കൂളുകള്‍ക്ക് ഇ-മെയില്‍ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനസംഭവം അരങ്ങേറുന്നത്.