വിദ്യാര്‍ത്ഥിനികള്‍ക്ക് വിട ചൊല്ലാൻ നാട്, പൊതുദര്‍ശനം തുടരുന്നു; പത്ത് മണിക്ക് ഖബറടക്കം

പനയമ്ബാടം അപകടത്തില്‍ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്ബനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചു.

ജില്ലാ കളക്ടറും, ജനപ്രതിനിധികളും അടക്കമുള്ളവ‌ർ സ്ഥലത്തുണ്ട്. അവസാനമായി ഒരുനോക്കുകാണാൻ വിദ്യാർത്ഥിനികളുടെ സഹപാഠികളും അദ്ധ്യാപകരുമടക്കം ആയിരക്കണക്കിനാളുകള്‍ ഇവിടെയെത്തിക്കൊണ്ടിരിക്കുകയാണ്.

ചെറുള്ളി സ്വദേശികളായ അബ്ദുള്‍ സലാമിന്റെ മകള്‍ പി.എ.ഇർഫാന ഷെറിൻ, അബ്ദുള്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീമിന്റെ മകള്‍ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്.ആയിഷ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ആറരയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്.

രണ്ട് മണിക്കൂർ വീടുകളില്‍ പൊതുദർശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്ബനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചത്. വിദ്യാർത്ഥിനികള്‍ പഠിക്കുന്ന കരിമ്ബ ഹയർ സെക്കൻഡറി സ്‌കൂളില്‍ പൊതുദർശനമുണ്ടാകില്ല. പത്ത് മണിയോടെ തുപ്പനാട് ജുമാ മസ്‌ജിദില്‍ ഖബറടക്കം നടക്കും.

സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറിയാണ് വിദ്യാർത്ഥിനികള്‍ മരിച്ചത്. കരിമ്ബ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. കൂടെയുണ്ടായിരുന്ന സഹപാഠി അജ്ന ഷെറിൻ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.50ഓടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ കരിമ്ബ, പനയമ്ബാടത്തായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാസ‌ർകോട് സ്വദേശികളായ ലോറി ഡ്രൈവർ മഹേന്ദ്രപ്രസാദ്, ക്ലീനർ വർഗീസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *