സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്ബുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും.
ഇന്ത്യൻ സമയം വൈകീട്ട് 3 മണിക്കാണ് റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുക. ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില് വിധി പറയാനായി കേസ് കോടതി മാറ്റിവെക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം സൗദി സമയം പന്ത്രണ്ടര മണിയോടെയാണ് അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ മാറ്റി വെച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്ബോള്‍ ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അബ്ദുറഹീമും, അഭിഭാഷകനും കോടതിയില്‍ ഹാജരാകുമെന്നാണ് കരുതുന്നത്. ഡിസംബർ എട്ടിന് മാറ്റിവെച്ച കേസ് 4 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നത് ജയില്‍ മോചനത്തിന് മറ്റു തടസങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടാകുമെന്നാണ് സഹായ സമിതി വിലയിരുത്തുന്നത്.
ഇന്ന് മോചന ഉത്തരവ് ഉണ്ടായാല്‍ റിയാദ് ഗവർണറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അബ്ദുറഹീമയിന് നാട്ടിലേക്ക് മടങ്ങാൻ സാധിക്കും. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹീം സൗദിയിലെ ജയിലില്‍ ആകുന്നത്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് 15 മില്യണ്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കിയതോടെ കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി വധശിക്ഷ റദ്ദാക്കി.